പാപ്പിനിശ്ശേരി പാലം അറ്റകുറ്റപ്പണിക്കായി ഫെബ്രുവരി 5 മുതൽ അടച്ചിടും: എം.എൽ.എ. കെ.വി. സുമേഷ്

പാപ്പിനിശ്ശേരി: ദീർഘകാലമായുള്ള ആവശ്യ പരിഗണനയിൽ പാപ്പിനിശ്ശേരി പാലത്തിന്റെ ശാശ്വതമായ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് അഴീക്കോട് എം.എൽ.എ. കെ.വി. സുമേഷ് അറിയിച്ചു. പാലത്തിന്റെ ഉപരിതലത്തിലെ കേടുപാടുകൾ പരിഹരിക്കുന്നതിനായി ഫെബ്രുവരി 5 മുതൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കും.
നിലവിൽ കേടുപാടുകൾ സംഭവിച്ച ഭാഗങ്ങൾ പൊളിച്ചുമാറ്റി മൈക്രോ കോൺക്രീറ്റിംഗ് (Micro-concreting) നടത്തുകയും അതിനുശേഷം ഓവർലേ (Overlay) ചെയ്യുകയുമാണ് പ്രവൃത്തിയുടെ പ്രധാന ഘട്ടങ്ങൾ. ഈ ജോലികൾ പൂർത്തിയാക്കാൻ കൃത്യമായ ക്യൂറിംഗ് സമയം ആവശ്യമായതിനാലാണ് പാലം പൂർണ്ണമായും അടച്ചിടേണ്ടി വരുന്നത്.
ഫെബ്രുവരി മാസം അവസാനത്തോടെ പണികൾ പൂർത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുമരാമത്ത് വകുപ്പ് (PWD), കെ.ആർ.എഫ്.ബി. (KRFB), കെ.എസ്.ഇ.ബി. (KSEB) ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. പരീക്ഷാകാലത്തിന് മുൻപായി പ്രവൃത്തികൾ പൂർത്തിയാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം.എൽ.എ. അറിയിച്ചു.







