നാടിന്റെ വികസനം ജനങ്ങൾക്ക് ദുരിതമാകരുത്; നടാൽ അടിപ്പാത സമരത്തിൽ ഭരണകൂടത്തിനെതിരെ കെ. സുധാകരൻ എം.പി

കണ്ണൂർ: നാടിന്റെ വികസനം അടുത്ത തലമുറയ്ക്ക് കൂടി വേണ്ടിയുള്ളതാകണമെന്നും അല്ലാതെ ജനങ്ങൾക്ക് ദുരിതം തീർക്കുന്നതാകരുതെന്നും കെ.പി.സി.സി പ്രസിഡന്റും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ കെ. സുധാകരൻ എം.പി. നടാൽ അടിപ്പാത ആവശ്യപ്പെട്ട് കോർപ്പറേഷൻ കൗൺസിലർമാർ തോട്ടട ഒ.കെ.യു.പി സ്‌കൂൾ പരിസരത്ത് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ കാലമായി ജനങ്ങൾ ആവശ്യപ്പെട്ടിട്ടും കണ്ണ് തുറക്കാത്ത ഭരണകൂടമാണ് കേന്ദ്രവും കേരളവും ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സമരം അത്തരം ഭരണകൂടങ്ങളുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടാൽ, തോട്ടട, കിഴുന്ന, ചാല പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഈ അടിപ്പാത.
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ എടക്കാട്, എടക്കാട് നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ജനപ്രതിനിധികളായ സോന ജയറാം (വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ), ഫസ്‌ലിം ടി.പി, പ്രീത പി.കെ, സീന കെ.പി, ശ്രുതി കെ.പി എന്നിവർ ഉപവാസ സമരം നടത്തിയത്.
കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും സമരസമിതി ചെയർമാനുമായ കായക്കൽ രാഹുൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ അഡ്വ. ടി.ഒ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം.പി മുഹമ്മദലി, മാധവൻ മാഷ്, ബസ് ഓണേഴ്‌സ് ജില്ലാ പ്രസിഡന്റ് പി.പി. മോഹനൻ, രാജ് കുമാർ കരിവാരത്ത് എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിനോദ് പുതുക്കുടി സ്വാഗതവും രജീവൻ വി. നന്ദിയും പറഞ്ഞു.







