കേരള മൺപാത്ര നിർമ്മാണ സമുദായ സഭ സംസ്ഥാന സമ്മേളനം കണ്ണൂരിൽ; മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും

കണ്ണൂർ: കേരള മൺപാത്ര നിർമ്മാണ സമുദായ സഭയുടെ (കെ.എം.എസ്.എസ്.) 19-ാമത് സംസ്ഥാന സമ്മേളനം ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ കണ്ണൂരിൽ നടക്കും. ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്നും പ്രകടനം ആരംഭിക്കും. തുടർന്ന് സ്റ്റേഡിയം കോർണറിൽ നടക്കുന്ന പൊതുസമ്മേളനം പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ബി. സുബാഷ് ബോസ് ആറ്റുകാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും. ബിജെപി നേതാവ് സന്ദീപ് വചാസ്പതി മുഖ്യപ്രഭാഷണം നടത്തും. പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഡോ. ശിവകുമാർ ചൗഡ ഷെട്ടി (ദേശീയ പ്രസിഡന്റ്, അഖില ഭാരതീയ കുംഭാര മഹാ സഭ), ജി. സിദ്ധാർത്ഥൻ തുടങ്ങിയവർ സംസാരിക്കും.
ഫെബ്രുവരി 1-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് തളിപ്പറമ്പിൽ വെച്ച് പ്രതിനിധി സമ്മേളനം നടക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവ്വഹിക്കും. ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.കെ. ചന്ദ്രൻ കണക്കും അവതരിപ്പിക്കും. തുടർന്ന് വനിതാ സമ്മേളനവും നടക്കും.
പ്രധാന ആവശ്യങ്ങൾ:
• കുലാല വിഭാഗങ്ങൾക്ക് ഒ.ഇ.സി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന നടപടി അവസാനിപ്പിച്ച് ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക.
• മൺപാത്ര നിർമ്മാണത്തെ പരമ്പരാഗത വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തുക.
• മൺപാത്ര നിർമ്മാണ കോർപ്പറേഷൻ പ്രവർത്തനസജ്ജമാക്കുക.
• 21 ഇന അവകാശപത്രിക നടപ്പിലാക്കാൻ സമ്മേളനം ആവശ്യപ്പെടും.
15 വർഷത്തിന് ശേഷമാണ് കണ്ണൂരിൽ സംസ്ഥാന സമ്മേളനം നടക്കുന്നത്. വാർത്താസമ്മേളനത്തിൽ രാജേഷ് പാലങ്ങാട്ട്, സി.കെ. ചന്ദ്രൻ, വി.വി. പ്രഭാകരൻ, ലതിക രവീന്ദ്രൻ, കെ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.






