ഗാന്ധിദർശനങ്ങൾ പുതിയ കാലത്ത് ഏറെ പ്രസക്തം; ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരി മഹാത്മാഗാന്ധിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തലശ്ശേരി: ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു മഹാത്മാഗാന്ധിയെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. ഗാന്ധിജി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഹിംസയിലൂടെ പോരാട്ടം നയിച്ച ഗാന്ധിജി വർഗീയതയ്ക്കും സാമൂഹ്യ തിന്മകൾക്കുമെതിരെ അഹോരാത്രം നിലകൊണ്ടു. സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും തേയ്മാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഗാന്ധിദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. ഭരണഘടനാ മൂല്യങ്ങളെ നിരാകരിക്കുകയും ദേശീയ നേതാക്കളെ നിന്ദിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ തിരുത്തപ്പെടണമെന്നും മുല്ലപ്പള്ളി പറഞ്ഞു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേര് ഒഴിവാക്കിയത് ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചടങ്ങിന്റെ ഭാഗമായി 135 രാജ്യങ്ങളിൽ നിന്നുള്ള റമിനേഷ് ചാലയുടെ ഗാന്ധി സ്റ്റാമ്പ് പ്രദർശനവും, ജി.വി. ബുക്സിന്റെ പുസ്തക പ്രദർശനവും നടന്നു. നിരവധി സ്കൂൾ വിദ്യാർത്ഥികൾ പ്രദർശനം കാണാനെത്തി. ചടങ്ങിന് മുന്നോടിയായി മുനിസിപ്പൽ ഓഫീസിലെ ഗാന്ധി പ്രതിമയിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.
എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജി.എസ്. ഫ്രാൻസിസ്, ചൂര്യയി ചന്ദ്രൻ, കെ. സുരേഷ്, വി.എൻ. ജയരാജ്, എം.പി. അസ്സൈനാർ, സി.വി. രാജൻ, അഡ്വ. സി.ജി. അരുൺ, കെ.പി.കെ. മമ്മു, കെ.കെ. നാരായണൻ, ടി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പി.വി. രാധാകൃഷ്ണൻ സ്വാഗതവും ജെതീന്ദ്രൻ കുന്നോത്ത് നന്ദിയും പറഞ്ഞു.







