ചക്കരക്കല്ലിൽ ഹണിട്രാപ്പ് സംഘം പിടിയിൽ

ചക്കരക്കല്ല്: മൊബൈൽ ആപ്പ് വഴി പരിചയപ്പെട്ട് ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച നാലംഗ സംഘത്തെ ചക്കരക്കല്ല് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിനിയായ 17-കാരിയും ബന്ധുക്കളായ മൈമൂന (51), ഇബ്രാഹിം സജ്മൽ അർഷാദ് (28), എ.കെ. അബ്ദുൽ കലാം (52) എന്നിവരാണ് പിടിയിലായത്.
കോയ്യോട് സ്വദേശിയായ യുവാവിനെയാണ് സംഘം കെണിയിൽപ്പെടുത്തിയത്. മൊബൈൽ ആപ്പ് വഴി പരിചയപ്പെട്ട 17-കാരി യുവാവിനെ കാഞ്ഞങ്ങാട്ടുള്ള ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് യുവാവിനെ ഭീഷണിപ്പെടുത്തി നഗ്നനാക്കി ഫോട്ടോകൾ എടുത്തു. തുടർന്ന് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോ അതിന് തുല്യമായ സ്വർണ്ണമോ ആവശ്യപ്പെട്ടു.
നീണ്ട വിലപേശലിനൊടുവിൽ ആറ് ലക്ഷം രൂപ നൽകാമെന്ന് യുവാവ് സമ്മതിച്ചു. പണം വാങ്ങാനായി സംഘത്തെ ചക്കരക്കല്ലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെ യുവാവ് ചക്കരക്കല്ല് പോലീസിൽ വിവരം അറിയിച്ചു. പണം കൈപ്പറ്റാനായി എത്തിയ സംഘത്തെ ചക്കരക്കല്ല് സി.ഐ. എം.പി. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വളയുകയും കൈയോടെ പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.







