സിപിഎം നേതൃത്വം ക്രിമിനലുകളെ കയറൂരി വിടുന്നു: അഡ്വ. മാർട്ടിൻ ജോർജ്

കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിയിൽ നിന്നും, പാർട്ടിയെ പ്രതിരോധത്തിലാക്കിയ രാഷ്ട്രീയ വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ സിപിഎം ജില്ലയിൽ കരുതിക്കൂട്ടി സംഘർഷം ഉണ്ടാക്കുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.
പിണറായി എരുവട്ടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പ്രനൂപിന്റെ വീടിന് നേരെ സിപിഎം ക്രിമിനലുകൾ ആസൂത്രിതമായ ആക്രമണമാണ് നടത്തിയത് . വീട്ടിൽ ആളില്ലാത്ത സമയം നോക്കി ക്രിമിനൽ സംഘം അക്രമം നടത്തുകയായിരുന്നു . വീടിൻ്റെ ജനറൽ ചില്ലുകളും വരാന്തയിലെ കസേരകളും അക്വേറിയവും ഉൾപ്പെടെ തകർത്താണ് അക്രമികൾ സ്ഥലം വിട്ടത്. കണ്ണൂർ ഐടിഐയിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അക്രമത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് എം സി അതുൽ, കണ്ണൂർ ബ്ലോക്ക് പ്രസിഡണ്ട് പ്രകീർത്ത് മുണ്ടേരി, ശ്രീരാഗ് വലിയന്നൂർ എന്നിവർക്ക് പരിക്കേൽക്കുകയുണ്ടായി. ഒരു പ്രകോപനവും ഇല്ലാതെയാണ് കല്ലും വടികളുമായി എസ്എഫ്ഐ ക്രിമിനൽ സംഘം കെഎസ്‌യു നേതാക്കളെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂർ ജില്ലയിൽ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് നിരവധിയായ അക്രമങ്ങളാണ് നടന്നിട്ടുള്ളത്. പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം വരെ ഉണ്ടായി. കോൺഗ്രസ് പ്രവർത്തകരുടെ സംയമനം ദൗർബല്യമായി കാണരുത്. ക്രിമിനൽ പ്രവർത്തനങ്ങൾ തുടരാനാണ് സിപിഎമ്മിന്റെ ഭാവമെങ്കിൽ അതിശക്തമായ തിരിച്ചടി ഉണ്ടാകും. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത് ജനങ്ങളിൽ നിന്നുണ്ടായിട്ടും രാഷ്ട്രീയ എതിരാളികൾക്ക് നേരെ കൊലവിളി തുടരുന്നത് സിപിഎം നേതൃത്വം പാഠം പഠിക്കില്ലെന്നതിൻ്റെ തെളിവാണ്. സി പി എം അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പോലീസ് തയ്യാറാകുന്നില്ല. എരുവട്ടിയിലെ അക്രമത്തിലും കണ്ണൂർ ഐടിഐ കെഎസ്‌യു നേതാക്കൾക്കെതിരെ ഉണ്ടായ അക്രമത്തിലും കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.







