കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ സ്ഥലം എം വി ഗോവിന്ദൻ എം എൽ എ സന്ദർശിച്ചു

തളിപ്പറമ്പ്: കുപ്പത്ത് ദേശീയപാത നിർമ്മാണത്തിനിടെയുണ്ടായ ശക്തമായ മണ്ണിടിച്ചിൽ പ്രദേശം എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ സന്ദർശിച്ചു. പ്രദേശത്ത് വലിയ രീതിയിലുള്ള മണ്ണിടിച്ചിലാണ് ഉണ്ടായതെന്നും തൊഴിലാളികൾ ഇല്ലാത്ത സമയത്തായതുകൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു.
മണ്ണിടിച്ചിലിനെക്കുറിച്ച് ശാസ്ത്രീയമായ പരിശോധന വേണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ഉറപ്പില്ലാത്ത പ്രദേശത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തോടും ദേശീയപാത അതോറിറ്റിയോടും അടിയന്തരമായി ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മെയിൻ റോഡിൽ നിന്നും എട്ട് മീറ്റർ ഉയരത്തിലുള്ള സർവീസ് റോഡിനായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായതെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
തകർച്ച ഉണ്ടായ സ്ഥലത്തുനിന്നും ഏകദേശം 10-12 മീറ്റർ മാറിയാണ് അടുത്തുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ കെട്ടിടത്തിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടവുമായി ചേർന്ന് നടപടികൾ സ്വീകരിച്ചുവരികയാണ്. കെട്ടിടം ഒഴിപ്പിച്ചാലുടൻ, ബാക്കിയുള്ള സംരക്ഷണ ഭിത്തിയുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കുകയും 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി.






