കാങ്കോലിൽ നാടകോത്സവത്തിന് തിരശ്ശീല ഉയർന്നു; 11-ാമത് ഭരത് മുരളി നാടകോത്സവം പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു

കാങ്കോൽ: കുണ്ടയംകൊവ്വൽ സഹൃദയ സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഭരത് മുരളി നാടകോത്സവത്തിന് കാങ്കോലിൽ ആവേശകരമായ തുടക്കം. വലിയചാൽ ഗവ. എൽ.പി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഭരത് മുരളി നഗറിൽ പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി നാടകോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
കെ.പി. കണ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ.കെ. ഗംഗാധരൻ മാസ്റ്റർ, കെ. കുഞ്ഞികൃഷ്ണൻ, ടി. ദിവാകരൻ മാസ്റ്റർ, എ. ജയശ്രീ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. കോക്കാട് നാരായണൻ സ്വാഗതമാശംസിച്ചു. ഉദ്ഘാടനത്തിന് പിന്നാലെ വടകര വരദ അവതരിപ്പിച്ച ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന നാടകം അരങ്ങേറി. നൂറുകണക്കിന് നാടകപ്രേമികളാണ് ഉദ്ഘാടന ദിവസം നാടകം കാണാനായി എത്തിയത്.
ഇന്ന് (ശനിയാഴ്ച):
നാടകോത്സവത്തിന്റെ രണ്ടാം ദിനമായ ശനിയാഴ്ച രാത്രി 7.30-ന് തിരുവനന്തപുരം നവോദയയുടെ ‘സുകുമാരി’ എന്ന നാടകം അരങ്ങേറും.






