ഓൺലൈൻ ഷെയർ ട്രേഡിംഗിൽ 97 , 40,000 രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

പയ്യന്നൂർ : ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ വൻലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പയ്യന്നൂർ സ്വദേശിയുടെ 97, 40,000 രൂപ തട്ടിയെടുത്ത പ്രതി വിമാനതാവളത്തിൽ പിടിയിലായി. കോഴിക്കോട് മുക്കം സ്വദേശി കെ പി മുഹമ്മദ് സലീമിനെ (23) യാണ് ആലക്കോട്സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണകുമാറും സംഘവും അറസ്റ്റു ചെയ്തത്.
പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര റോഡിലെ വി.വി.ഗണേശൻ്റെ പരാതിയിലായിരുന്നു പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നത്. പരാതിക്കാരനെ ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വാട്സാപ്പിൽ പരിചയപ്പെട്ട് ഗോൾഡ് മെൻ സച്ചസ് അസി.മാനേജ്മെൻ്റ് (ജി എസ്. എ. എം) എന്ന കമ്പനിയുടെ അക്കൗണ്ടു വഴി 2024 ജൂലായ് മൂന്നിനും ജൂലായ് 23 നു മിടയിൽ പരാതിക്കാരൻ്റെ പയ്യന്നൂരിലെ രണ്ട് ബേങ്ക് അക്കൗണ്ടു വഴി പ്രതിയുടെ വിവിധ അക്കൗണ്ടുകളിലായി97, 40,000 (തൊണ്ണൂറ്റി ഏഴ് ലക്ഷത്തി നാൽപതിനായിരം ) രൂപ കൈക്കലാക്കി ലാഭവിഹിതമോ നിക്ഷേപമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ കേസെടു ത്ത പയ്യന്നൂർ പോലീസ് കേസ് സൈബർ സെല്ലിന് കൈമാറുകയായിരുന്നു. സൈബർ സെൽ അന്വേഷണത്തിൽ വിദേശത്ത് കഴിയുകയായിരുന്ന പ്രതി കഴിഞ്ഞ ദിവസം കോഴിക്കോട് വിമാന താവളം വഴി നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ്പിടിയിലായത്. അറസ്റ്റു ചെയ്തു കോടതി യിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു






