ഇന്ത്യൻ ജനാധിപത്യത്തെ മതം ഹൈജാക്ക് ചെയ്യുന്നു -എം.എൻ.കാരശ്ശേരി

പയ്യന്നൂർ: രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന നരേന്ദ്രമോദി നെഹറുവിയൻ ചിന്തകളെ ഇല്ലാതാക്കാൻ പലതരത്തിലുള്ള തമസ്കരണങ്ങൾ നടത്തിവരികയാണെന്ന് പ്രമുഖ പ്രഭാഷകനും സാമൂഹ്യ നിരീക്ഷകനുമായ എം.എൻ.കാരശ്ശേരി അഭിപ്രായപ്പെട്ടു.കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 41-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പയ്യന്നൂർ ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ” നെഹ്റു കണ്ട ഇന്ത്യ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്റു തുടർച്ചയായി ഇന്ത്യ ഭരിച്ചതിൻ്റെ സത്ഫലങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്നത്. നെഹ്റുവിൻ്റെ സ്മരണകൾ ഇല്ലാതാക്കാൻ മോദിയുടെ ആളുകൾ അസത്യങ്ങളും അർധസത്യങ്ങളും അതിശയോക്തിയും അത്യുക്തികളും ഉപയോഗിച്ച് നെഹ്റുവിനെ താറടിക്കാൻ ശ്രമിക്കുന്നു. മതം എൻ്റെ വിഷയമല്ല, മറിച്ച് തൻ്റെ മതമെന്നത് രാഷ്ട്ര നന്മക്ക് വേണ്ടിയാണെന്ന് വാദിച്ച മഹാപുരുഷനാണ് ജവഹർലാൽ നെഹ്റു. എന്നാൽ ഇന്ന് മതം ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു കൊണ്ടിരിക്കുകയാണെന്നും എം.എൻ.കാരിശ്ശേരി കുറ്റപ്പെടുത്തി. ജനാധിപത്യം എന്താണെന്ന് രാജ്യത്തെ പഠിപ്പിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്.നെഹ്റു കണ്ട ഇന്ത്യയിൽ എതിരഭിപ്രായം പ്രകടിപ്പിക്കാനും മുഖത്ത് നോക്കി വിമർശിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു.എന്നാൽ ഇന്നത്തെ ഇന്ത്യയിൽ ബാലിശമായ അവകാശവാദങ്ങളും പൊങ്ങച്ചവുമാണ് ഭരണാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ചുവപ്പ് കണ്ട കാളയെ പോലെ എന്നു പറയുന്നതുപോലെ കറുപ്പ് കാണുമ്പോൾ കലി തുള്ളുന്ന മുഖ്യമന്ത്രിമാരാണ് നമ്മുടെ നാട്ടിലുള്ളത്. വെള്ളാപ്പള്ളി നടേശൻ പറയുന്ന വിദ്വേഷങ്ങൾ തെറ്റാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രിയും മാർക്സിസ്റ്റ് പാർട്ടിയും മൗനം പാലിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രചരണ കമ്മിറ്റി ചെയർമാൻ രാജീവൻ എളയാവൂർ അധ്യക്ഷനായി. കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡണ്ട് എം.പി.വേലായുധൻ പരിപാടി ഉദ്ഘാടനം ചെയ്തു.എം.പ്രദീപ്കുമാർ, കെ.ജയരാജ്, കെ.രാമകൃഷ്ണൻ, കെ.വി.ഭാസ്കരൻ ,ടി.വി.ഗംഗാധരൻ, ടി. കുഞ്ഞികൃഷ്ണൻ, പി.സുഖദേവൻ മാസ്റ്റർ, പി.അബ്ദുൾ ഖാദർ മാസ്റ്റർ, യു.കെ.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന്കെ.എസ്.എസ്.പി.എ കലാ-സാംസ്കാരിക വിഭാഗമായ “സ്പെയിസ് ”കണ്ണൂർ അവതരിപ്പിച്ച രാജാവ് നഗ്നനാണ് എന്ന തെരുവു നാടകവും അരങ്ങേറി.






