കോട്ടക്കുന്നിൽ എൻട്രിയും എക്സിറ്റും വേണമെന്ന ആവശ്യവുമായി കെ.വി. സുമേഷ് എം.എൽ.എ.

പുതിയതെരു – കാട്ടാമ്പള്ളി – മയ്യിൽ റോഡിൽ കോട്ടക്കുന്ന് നിന്നും പുതിയ നാഷണൽ ഹൈവേയിലേക്ക് എൻട്രിയും എക്സിറ്റും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഴീക്കോട് നിയോജകമണ്ഡലം എം.എൽ.എ കെ.വി സുമേഷ് ജില്ലാ വികസന സമിതി ചെയർമാനും, നാഷണൽ ഹൈവേ അതോറിറ്റിക്കും കത്ത് നൽകി.
പുതിയ നാഷണൽ ഹൈവേയുടെ നിലവിലെ സ്ഥിതി വെച്ച് പാപ്പിനിശ്ശേരി കീച്ചേരി ഭാഗത്തുനിന്ന് മാത്രമേ എൻട്രിയും എക്സിറ്റും അനുവദിച്ചിട്ടുള്ളൂ. നാഷണൽ ഹൈവേയിലേക്ക് എത്തുന്ന പ്രധാന പാതയായ പുതിയതെരു – മയ്യിൽ റൂട്ടിൽ ചിറക്കൽ കോട്ടക്കുന്ന് നിന്ന് പുതിയ നാഷണൽ ഹൈവേയിലേക്ക് തലശ്ശേരി ഭാഗത്തേക്ക് കയറാനും അതുപോലെ തലശ്ശേരി ഭാഗത്തുനിന്ന് വരുന്നവർക്ക് കോട്ടക്കുന്നിലേക്ക് ഇറങ്ങാനും ആവശ്യമായ എൻട്രി ആൻഡ് എക്സിറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. പാപ്പിനിശ്ശേരി കീച്ചേരിയിൽ നിന്ന് നാഷണൽ ഹൈവേയിലേക്ക് കയറിയാൽ പിന്നെ പത്തോളം കിലോമീറ്റർ ദൂരെ നിന്ന് മാത്രമേ നാഷണൽ ഹൈവേയിലേക്ക് കയറുവാനോ ഇറങ്ങുവാനോ സാധിക്കുകയുള്ളൂ. കാട്ടാമ്പള്ളി പ്രദേശത്തുള്ളവരും പുതിയതെരു മയ്യിൽ ഭാഗത്തുള്ളവരും എംഎൽഎയോട് ആവശ്യപ്പെട്ട പ്രധാന കാര്യമാണ് ആ പ്രദേശത്ത് എൻട്രി ആൻഡ് എക്സിറ്റ് അനുവദിക്കണമെന്നത്.
കെ.വി സുമേഷ് എംഎൽഎ നാഷണൽ ഹൈവേ ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിക്കുകയും തുടർന്ന് ഇന്ന് നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ കത്തു നൽകുകയും വിഷയം അവതരിപ്പിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി റിപ്പോർട്ട് സബ്മിറ്റ് ചെയ്ത് നാഷണൽ ഹൈവേ അതോറിറ്റിയിൽ നിന്ന് അനുമതി വാങ്ങണം എന്നാണ് ഉദ്യോഗസ്ഥർ യോഗത്തിൽ സൂചിപ്പിച്ചത്. അനുമതി വാങ്ങാൻ ആവശ്യമായ നടപടികൾ വേഗത്തിൽ ആകണമെന്നും എംഎൽഎ യോഗത്തിൽ പറഞ്ഞു.






