കണ്ണൂരിൽ എം.ഡി.എം.എയുമായി ദമ്പതികൾ പിടിയിൽ

കണ്ണൂർ: നഗരത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ദമ്പതികൾ അറസ്റ്റിലായി. തയ്യിൽ സ്വദേശി രാഹുൽ എന്ന ഷാഹുൽ ഹമീദ്, ഭാര്യ കുറ്റിയാടി സ്വദേശി നജ്മ എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 70.66 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ ഇവർ ലഹരിമരുന്ന് കടത്താൻ നൂതനമായ രീതി സ്വീകരിച്ചിരുന്നതായി പോലീസ് പറഞ്ഞു. പരിശോധനകളിൽ സംശയം ഒഴിവാക്കാൻ സ്വന്തം കുഞ്ഞിനെയും കൂടെ കൂട്ടി കുടുംബമായി യാത്ര ചെയ്യുകയായിരുന്നു ഇവർ. ഇത്തരത്തിൽ പരിശോധനകൾ ഒഴിവാക്കാമെന്ന കണക്കുകൂട്ടലിലാണ് ലഹരി കടത്ത് നടത്തിയിരുന്നത്.
ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവന്ന ലഹരിമരുന്ന് കണ്ണൂരിൽ മറ്റൊരാൾക്ക് കൈമാറാനായി ജില്ലാ ആശുപത്രി പരിസരത്ത് കാത്തുനിൽക്കുന്നതിനിടെയാണ് പോലീസ് സംഘം ഇവരെ വളഞ്ഞത്. സിറ്റി പോലീസ് കമ്മീഷണർ പി. നിതിൻ രാജിന്റെയും എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെയും നിർദേശപ്രകാരമായിരുന്നു പരിശോധന.
സംഭവത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ലഹരിമരുന്ന് റാക്കറ്റിലെ മറ്റ് കണ്ണികളെ കണ്ടെത്തുന്നതിനായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






