കരിവെള്ളൂരിലെ കോൺഗ്രസ് ഓഫീസ് അക്രമം 50,000 നഷ്ടം കേസെടുത്തു

പയ്യന്നൂർ: കരിവെള്ളൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ ഗാന്ധി മന്ദിരത്തിനു നേരെ അക്രമം അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മണ്ഡലം പ്രസിഡണ്ട് കരിവെള്ളൂർപാലക്കുന്നിലെ ഷീബ മുരളിയുടെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അക്രമം ഓഫീസിൻ്റെ പൂട്ട് തകർത്ത അക്രമികൾ അകത്ത് കയറി പ്രചരണ ബോർഡുകൾ പെട്രോൾ ഒഴിച്ച് തീയിട്ടു നശിപ്പിക്കുകയും ഫ്ലക്സ് ബോർഡ് കുത്തി കീറി നശിപ്പിക്കുകയും നേതാക്കളുടെ ഫോട്ടോകൾ നശിപ്പിക്കുകയും ഓഫീസിൻ്റെ പുറത്തുള്ള കുടിവെള്ളമോട്ടോറിൻ്റെ പൈപ്പ് അടിച്ചു തകർക്കുകയും ചെയ്തുവെന്നാണ് പരാതി. അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്തപയ്യന്നൂർ പോലീസ് ഡോഗ് സ്ക്വാഡിൻ്റെയും ഫോറൻസിക് വിദഗ്ദരുടെയും പരിശോധനയിൽ അക്രമിയുടെ വിരലടയാളം ഓഫീസിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പയ്യന്നൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.






