കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി കെ.പി. താഹിർ

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. താഹിർ തെരഞ്ഞെടുക്കപ്പെട്ടു. നടന്ന വോട്ടെടുപ്പിൽ 35 വോട്ടുകൾ നേടിയാണ് അദ്ദേഹം ഡെപ്യൂട്ടി മേയർ സ്ഥാനത്തെത്തിയത്. എന്നാൽ തിരഞ്ഞെടുപ്പിനിടെ മേയർ അഡ്വ. പി. ഇന്ദിരയുടെ വോട്ട് അസാധുവായത് ശ്രദ്ധേയമായി.
യു.ഡി.എഫിന് കോർപ്പറേഷനിൽ ആകെ 36 അംഗങ്ങളാണുള്ളത്. നേരത്തെ നടന്ന മേയർ തെരഞ്ഞെടുപ്പിൽ അഡ്വ. പി. ഇന്ദിരയ്ക്ക് മുഴുവൻ 36 വോട്ടുകളും ലഭിച്ചിരുന്നു. എന്നാൽ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ വോട്ടുകളുടെ എണ്ണം 35 ആയി കുറഞ്ഞു. ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരിന് നേരെ ‘X’ (ഇന്റർ) മാർക്ക് ഇടേണ്ടതിനുപകരം മേയർ ഒപ്പിട്ടതിനെ തുടർന്നാണ് വോട്ട് അസാധുവായത്. ഇത് സാങ്കേതിക പിഴവാണെന്ന് വിലയിരുത്തപ്പെടുന്നു.
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കെ.പി. താഹിറിനെ കൂടാതെ എൽ.ഡി.എഫിലെ എം.പി. അനിൽകുമാർ, ബി.ജെ.പിയിലെ എ.കെ. മജേഷ് എന്നിവരും മത്സരിച്ചിരുന്നു.
വാരം ഡിവിഷനിൽ നിന്ന് റിബൽ ഭീഷണിയെ അതിജീവിച്ച് ഏകദേശം 200-ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് കെ.പി. താഹിർ കോർപ്പറേഷനിലെത്തിയത്. മുസ്ലിം ലീഗിനുള്ളിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് മാത്രമാണ് പരിഗണനയിലുണ്ടായിരുന്നത്.
കോർപ്പറേഷനിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് ഭരണം തുടരുകയാണ്. കണ്ണൂർ നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുമെന്ന് മേയറും ഡെപ്യൂട്ടി മേയറും വ്യക്തമാക്കി.






