കളിമൈതാനങ്ങളിലെ ‘സ്റ്റാർ സ്ട്രൈക്കർ’ ഇനി ദീപ്തസ്മരണ; ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി കമാൻഡന്റ് എ. ശ്രീനിവാസൻ വിടവാങ്ങി


കണ്ണൂർ: ഫുട്ബോൾ മൈതാനങ്ങളിൽ ആവേശ തിരയിളക്കം സൃഷ്ടിച്ച കേരളത്തിന്റെ പ്രിയപ്പെട്ട സ്റ്റാർ സ്ട്രൈക്കർ എ. ശ്രീനിവാസൻ ഇനി ഓർമ്മ. കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡന്റായി സേവനമനുഷ്ഠിക്കെയാണ് അസുഖബാധിതനായി ചികിത്സയിലിരിക്കെ മംഗലാപുരത്തെ ആശുപത്രിയിൽ വെച്ച് അദ്ദേഹം വിടവാങ്ങിയത്. ഡയാലിസിസിനിടെ ഉണ്ടായ ശാരീരിക ബുദ്ധിമുട്ടുകളും തലച്ചോറിലെ ബ്ലീഡിംഗും നില വഷളാക്കുകയായിരുന്നു.
അമ്മയുടെ കമ്മൽ വിറ്റ പണത്തിൽ നിന്നും ഇന്ത്യൻ ജഴ്സിയിലേക്ക്:
ദാരിദ്ര്യത്തോടും കഷ്ടപ്പാടിനോടും പൊരുതിയാണ് ശ്രീനിവാസൻ എന്ന ഫുട്ബോളർ വളർന്നത്. തിരുവനന്തപുരം ജി.വി രാജാ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചപ്പോൾ യൂണിഫോം വാങ്ങാൻ പണമില്ലാതെ വിഷമിച്ച മകന്, തന്റെ ഒരു ജോഡി കമ്മൽ ഊരി വിറ്റ പണവുമായാണ് ആ അമ്മ യൂണിഫോം വാങ്ങി നൽകിയത്. ആ മകൻ തിരികെ അമ്മയ്ക്ക് നൽകിയത് ഇന്ത്യൻ ഫുട്ബോളിലെ ‘സ്റ്റാർ സ്ട്രൈക്കർ’ എന്ന പദവിയായിരുന്നു.
ഐ.എം. വിജയന്റെ പിൻഗാമി:
പത്തൊമ്പതാം വയസ്സിൽ ഏഷ്യൻ ജൂനിയർ ഫുട്ബോൾ ടീമിൽ ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞ ശ്രീനിവാസനെ ഐ.എം. വിജയന്റെ ശക്തനായ പിൻഗാമി എന്നാണ് ഫുട്ബോൾ ലോകം അന്ന് വിലയിരുത്തിയത്. 1990-ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലും, 92-ൽ സാഫ് ഗെയിംസിലും അദ്ദേഹം തിളങ്ങി.
കേരള പോലീസിന്റെ കരുത്തൻ:
1992-ൽ എ.എസ്.ഐ ആയി കേരള പോലീസിൽ പ്രവേശിച്ച അദ്ദേഹം പത്തുവർഷത്തോളം പോലീസ് ടീമിന്റെ കുപ്പായമണിഞ്ഞു. ഐ.എം. വിജയൻ, വി.പി. സത്യൻ, യു. ഷറഫലി എന്നിവർക്കൊപ്പം മൈതാനങ്ങളിൽ മാന്ത്രികത തീർത്തു. 1995-ൽ സിസേഴ്‌സ് കപ്പിൽ കൊൽക്കത്ത മുഹമ്മദൻസ് സ്പോർട്ടിംഗിനെതിരെ ഹാട്രിക്ക് നേടിയത് അദ്ദേഹത്തിന്റെ കരിയറിലെ സുവർണ്ണ നിമിഷങ്ങളിലൊന്നാണ്.
കുടുംബം:
കൊറ്റാളിക്കടുത്ത അത്താഴകുന്ന് സ്വദേശിയായ അദ്ദേഹം സ്പിരിറ്റഡ് യൂത്ത് ഫുട്ബോൾ ക്ലബ്ബിലൂടെയാണ് വളർന്നുവന്നത്. ഭാര്യ: ബീന (സീനിയർ ഫാർമസിസ്റ്റ്, പറശ്ശിനിക്കടവ് സി.എച്ച്.സി). മകൻ: വിഷ്ണു (മറൈൻ എൻജിനീയറിങ് വിദ്യാർഥി), മകൾ: അമീഷ (ഫോറൻസിക് സയൻസ് വിദ്യാർഥി).
മൃതദേഹം നാളെ രാവിലെ 9 മണിക്ക് മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കൊറ്റാളിയിൽ സംസ്കാരം നടക്കും.






