പൊതുപ്രവർത്തകർ സമൂഹത്തിന് മാതൃകയാകണം – സജീവ് ജോസഫ് എം.എൽ.എ

പയ്യന്നൂർ: പൊതുപ്രവർത്തനം സഹജീവി സ്നേഹത്തിൽ അധിഷ്ഠിതമാകണമെന്ന് അഡ്വ.സജീവ് ജോസഫ് എം.എൽ.എ. പ്രമുഖ കോൺഗ്രസ് നേതാവും മികച്ച സഹകാരിയുമായിരുന്ന വി.എൻ.എരിപുരത്തിൻ്റെ ആറാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി കെ.പി.കുഞ്ഞിക്കണ്ണൻ – വി .എൻ .എരിപുരം സ്മാരക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർഗാന്ധി പാർക്കിൽ നടന്ന അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആത്മബന്ധങ്ങൾ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ പൊതുപ്രവർത്തകർ വി.എൻ.എരിപുരത്തെ പോലുള്ള നേതാക്കളെ മാതൃകയാക്കി പ്രവർത്തിക്കണമെന്ന് സജീവ് ജോസഫ് പറഞ്ഞു.കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ കരുത്തായിരുന്നു വി.എൻ.എരിപുരം. ഒരു പൊതു പ്രവർത്തകൻ എങ്ങനെയായിരിക്കണമെന്നതിൻ്റെ ഉത്തമ ഉദാഹരണം കൂടിയാണ് വി.എൻ.എരിപുരം എന്ന നേതാവെന്നും അദ്ദേഹം അനുസ്മരിച്ചു. ട്രസ്റ്റ് ചെയർമാൻ കെ.എൻ.വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പയ്യന്നൂർ, തൃക്കരിപ്പൂർ, കല്യാശ്ശേരി നിയോജക മണ്ഡലങ്ങളിലെ മുൻ സിപ്പൽ – പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് അംഗങ്ങളെയും, ടി.കെ.എം.വിഷ്ണു നമ്പീശൻ സ്മാരക അധ്യാപക അവാർഡ് ജേതാവ് പി.ശശിധരൻ, വയലാർ അവാർഡ് ജേതാവ് രയരോത്ത് മാഷ് കടന്നപ്പള്ളി എന്നിവരെ ഡി സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് അനുമോദിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടരി കെ. നീലകണ്ഠൻ, സുരേഷ് കുമാർ എളയാവൂർ, എം.പി.ഉണ്ണികൃഷ്ണൻ, കെ.വി.ഗംഗാധരൻ, കെ.ജയരാജ്, കെ.പി.പ്രകാശൻ, അഡ്വ.ഡി.കെ.ഗോപിനാഥ്, വി.വി.ഉണ്ണികൃഷ്ണൻ, കെ.വി.ഭാസ്കരൻ ,എൻ.ഗംഗാധരൻ, ടി.വി.പവിത്രൻ, കെ.എം.ശ്രീധരൻ, കെ.പി.ദിനേശൻ, എന്നിവർ പ്രസംഗിച്ചു.






