സ്സൂപ്പർ ലീഗ് കേരള ; കണ്ണൂർ വാരിയേഴ്‌സ് ചാമ്പ്യൻസ്

കണ്ണൂർ:
സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ കിരീടം കണ്ണൂർ വാരിയേഴ്സ് എഫ്‌സി സ്വന്തമാക്കി. ഇന്ന് കണ്ണൂർ ജവർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ തൃശ്ശൂർ മാജിക് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കണ്ണൂർ കിരീടം ഉയർത്തിയത്. രണ്ടാം പകുതിയിൽ മുഴുവൻ സമയവും പത്ത് പേരുമായി കളിച്ചിട്ടും മികച്ച പ്രതിരോധവും പോരാട്ടവീര്യവും കാഴ്ചവെച്ചാണ് കണ്ണൂർ വിജയം ഉറപ്പിച്ചത്.
മത്സരത്തിന്റെ 19-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം അസിയർ ഗോമസ് വിജയകരമായി വലയിലെത്തിച്ചതോടെയാണ് കണ്ണൂർ ലീഡ് നേടിയത്. ഗോൾ നേടിയതിന് ശേഷം ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോൾവരിയിലേക്ക് എത്തിക്കാൻ സാധിച്ചില്ല.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ കണ്ണൂർ വാരിയേഴ്സ് യുവതാരം സച്ചിൻ സുനിലിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ടീം വലിയ പ്രതിസന്ധിയിലായി. ഇതോടെ രണ്ടാം പകുതിയിൽ കണ്ണൂർ പത്ത് പേരുമായി കളിക്കേണ്ടി വന്നു. എന്നിരുന്നാലും ശക്തമായ പ്രതിരോധത്തിലൂടെ അവർ തൃശ്ശൂരിന്റെ ആക്രമണങ്ങൾ ചെറുത്തുനിന്നു.
71-ാം മിനിറ്റിൽ മൈസൺ ആൽവേസിലൂടെ തൃശ്ശൂർ മാജിക് എഫ്‌സി സമനില ഗോൾ കണ്ടെത്തിയതായി തോന്നിയെങ്കിലും ലൈൻ റഫറിയുടെ ഓഫ്‌സൈഡ് വിളി ഗോൾ അസാധുവാക്കി.
അവസാന വിസിൽ മുഴങ്ങുംവരെ ആത്മാർത്ഥമായി പൊരുതിയ കണ്ണൂർ വാരിയേഴ്സ്, അർഹിച്ച വിജയം സ്വന്തമാക്കി സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ കിരീടം സ്വന്തമാക്കി.






