LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ഇരിട്ടി: ആറളം വട്ടപ്പറമ്പിൽ കാട്ടാന ആക്രമണം; വ്യാപക കൃഷിനാശം

img_2826.jpg
Spread the love

ഇരിട്ടി: ആറളം വട്ടപ്പറമ്പിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പ്രദേശത്ത് കാട്ടാനയെത്തി വൻ കൃഷിനാശം വരുത്തുന്നത്.

ആറളം ഫാം ബ്ലോക്ക് മൂന്നിലെ കൃഷിയിടത്തിൽ താവളമാക്കിയ കാട്ടാനയാണ് കക്കുവ പുഴ കടന്ന് ജനവാസ മേഖലയിലേക്ക് എത്തിയത്. കക്കുവ പുഴയോരത്തെ ഷാന്റോ മാത്യു അന്തിനാട്ട്, ജെയിംസ് അന്തിനാട്ട് എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആന വലിയ നാശം വിതച്ചത്.

ബുധനാഴ്ച പുലർച്ചെയോടെ എത്തിയ കാട്ടാന 30ഓളം കുലച്ച നേന്ത്രവാഴകളും കായ്ഫലമുള്ള നിരവധി കവുങ്ങുകളും കുത്തിവീഴ്ത്തി നശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് ഇതേ കൃഷിയിടത്തിലെ ഷാന്റോ മാത്യു അന്തിനാട്ടിന്റെ നൂറോളം വാഴകൾ കാട്ടാന നശിപ്പിച്ചിരുന്നതായും പറയുന്നു.

കവുങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ടാണ് കാട്ടാന എത്തിയ വിവരം മനസ്സിലായതെന്ന് ജെയിംസ് അന്തിനാട്ട് പറഞ്ഞു. പുലർച്ചെ രണ്ട് മണിയോടെ പുഴ കടന്നെത്തിയ ആനയെ പടക്കം പൊട്ടിച്ചാണ് നാട്ടുകാർ കൃഷിയിടത്തിൽ നിന്ന് തുരത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

പുഴയുടെ മറുകരയിലുള്ള ആറളം ഫാമിൽ നിന്നാണ് ആന ജനവാസ മേഖലയിലേക്ക് കടന്നുവരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഷാന്റോ മാത്യു 50,000 രൂപ ചെലവഴിച്ച് സ്ഥാപിച്ച സൗരോർജ്ജ വേലിയുടെ ഒരു ഭാഗം തകർത്താണ് ആന കൃഷിയിടത്തിലേക്ക് കടന്നത്.

വർഷങ്ങളായി ആറളം ഫാമിൽ കാട് വെട്ടിത്തെളിക്കാത്തതിനാൽ പകൽ സമയങ്ങളിൽ അവിടെ താവളമാക്കുന്ന ആനകൾ രാത്രിയോടെ പുഴ കടന്ന് ജനവാസ മേഖലകളിലേക്ക് എത്തുകയാണെന്നാണ് നാട്ടുകാരുടെ പരാതി. മേഖലയിൽ പലയിടത്തും ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഴാതിർത്തിയിൽ തൂക്ക് വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പരിപാലനക്കുറവ് മൂലം അവ ഉപയോഗശൂന്യമായിരിക്കുകയാണ്.

മുൻപ് ആനശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ വനംവകുപ്പ് ജീവനക്കാരെ മണിക്കൂറുകളോളം തടഞ്ഞുവെച്ച സംഭവവും ഉണ്ടായിരുന്നു. തുടർന്ന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നതാണ് നാട്ടുകാരുടെ പരാതി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!