ആഹ്ലാദപ്രകടനത്തിനിടെ അക്രമം: അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പാനൂർ: തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പാനൂർ പാറാട്ട് നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളവല്ലൂർ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
വിവിധ കേസുകളിലായി ജീവൻ (30), റനീഷ് (31), ശ്രീജു (30), സച്ചിൻ (32) എന്നിവരാണ് അറസ്റ്റിലായവർ. സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. പ്രവർത്തകർക്കെതിരെയും കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ പേർ അടുത്ത ദിവസങ്ങളിൽ അറസ്റ്റിലാകുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ദിവസമായിരുന്നു പാറാട് ടൗണിൽ ആഹ്ലാദപ്രകടനങ്ങൾ നടന്നത്. ഇതിനിടെയാണ് യു.ഡി.എഫ്–എൽ.ഡി.എഫ്. പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. തുടർന്നുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു.
സംഘർഷം നിയന്ത്രണവിധേയമാക്കാൻ പൊലീസ് ലാത്തിവീശി. കല്ലേറിൽ പൊലീസ് ബസിന്റെ ചില്ല് തകർന്നു. വീടുകളുടെ മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറുകളും കാറുകളും തകർത്തതായും റിപ്പോർട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. പാറാട്ടെ മുസ്ലിം ലീഗ് ഓഫീസിന് നേരെയും ആക്രമണമുണ്ടായി.






