യുവതിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ

ചിറ്റാരിക്കാൽ : ബസ് കാത്തു നിൽക്കുകയായിരുന്ന ദളിത് യുവതിയെ ലിഫ്റ്റ് കൊടുത്ത് കാറിൽ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിച്ച സംഭവത്തിൽ രണ്ടു ഓട്ടോഡ്രൈവർമാർ അറസ്റ്റിൽ. എളേരിത്തട്ട് പാലേരിത്തട്ട് സ്വദേശി പി. പ്രവീൺ എന്ന ധനേഷ് (36), ചിറ്റാരിക്കാൽ ചെന്നടുക്കം ജീരകപ്പാറ മാങ്ങോട് സ്വദേശി എം.കെ. രാഹുൽ (29) എന്നിവരെയാണ് ചിറ്റാരിക്കാൽ പോലീസ് അറസ്റ്റു ചെയ്തത്. ഈ മാസം അഞ്ചിന് വൈകുന്നേരം 5.45 മണിയോടെയാണ് സംഭവം. സ്റ്റേഷൻ പരിധിയിലെ 29 കാരിയാണ് ബലാത്സംഗത്തിനിരയായത്. ഭീമനടിയിൽ ബസ് കാത്തു നിൽക്കുകയായിരുന്ന യുവതിയെ ലിഫ്റ്റ് നൽകി ഒന്നാം പ്രതി പ്രവീൺ കാറിൽ കൊണ്ടുപോയി ചിറ്റാരിക്കാൽ അമ്പാടി ബസാറിൽ വെച്ച് മദ്യം നിർബന്ധിച്ച് യുവതിയെ കുടിപ്പിച്ച ശേഷം കാറിൽ വെച്ച് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്ത് രാഹുലിനെ ഫോണിൽ വിളിച്ചു വരുത്തുകയും ഇയാളും യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അവശയായ യുവതിയെ രാത്രി 7 മണിയോടെ മാങ്ങോട് റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ട് പ്രതികൾ കാറുമായി കടന്നു കളഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ വീട്ടിലെത്തിയ യുവതി പിന്നീട് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതികളെ കാറുമായി ഇന്നലെ ഭീമനടിയിൽ വെച്ച് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.






