കരിവെള്ളൂർ മണ്ഡലംകോൺഗ്രസ് വൈസ് പ്രസിഡൻറ് രാജിവെച്ചു

പയ്യന്നൂർ : കോൺഗ്രസ് കരിവെള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റും 14-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ സന്തോഷ് കുണിയൻ കോൺഗ്രസിൽനിന്ന് രാജിവെച്ചതായി പത്രസമ്മേളനത്തിൽ അറിയിച്ചു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്, ചെറുപുഴ ബ്ലോക്ക് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു. ബിജെപിയുമായി അന്തർധാര നടത്തുന്ന മണ്ഡലം പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സന്തോഷ് പറഞ്ഞു. 13, 14 വാർഡുകളിൽ സ്ഥാനാർഥിയെ കെട്ടിയേല്പിക്കുന്ന സ്ഥിതിയുണ്ടായി. കൂടിയാലോചനകൾ ഇല്ലാതെയാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. കൂടിയാലോചിക്കാതെയാണ് അടുത്തകാലത്ത് കോൺഗ്രസിലേക്ക് വന്ന മണ്ഡലം പ്രസിഡന്റ് തീരുമാനമെടുത്തത്. ബിജെപിയെ സഹായിക്കാനാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. പൊതുപ്രവർത്തനരംഗത്ത് സജീവമായി തുടരുമെന്നും സന്തോഷ് അറിയിച്ചു.
എന്നാൽ, കോൺഗ്രസിൽനിന്ന് രാജിവെച്ചുവെന്ന് പറയുന്ന സന്തോഷ് കുണിയൻ വർഷങ്ങളായി പാർട്ടി പ്രവർത്തനത്തിനില്ലെന്നും അതുകൊണ്ടുതന്നെ പാർട്ടിയുടെ പ്രാഥമികാംഗത്വം അദ്ദേഹത്തിന് ഇല്ലെന്നും പാർട്ടിയുടെ ഒരു ഭാരവാഹിത്വവും അദ്ദേഹം വഹിക്കുന്നില്ലെന്നും കരിവെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷീബാ മുരളി അറിയിച്ചു.






