ചിട്ടി പണം തിരികെ ചോദിച്ചതിന് അക്രമം അഞ്ച് പേർക്കെതിരെ കേസ്

ആലക്കോട്: ചിട്ടി പണം തിരികെ ചോദിച്ചതിന് സ്വാശ്രയസംഘം ഓഫീസിൽ വെച്ച് യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു വെന്ന പരാതിയിൽ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. വെള്ളാട് മീൻപറ്റിയിലെ മുല്ല പൂമണ്ണിൽ ബിജി .എം. ചാക്കോയുടെ പരാതിയിലാണ് വെള്ളാട് വായാട്ടുപറമ്പ സ്വദേശി ജോസ് തുപ്പലങ്ങി, സോജൻ,ഷൈജു, ലിൻ്റോ ,ശ്രീനാഥ് എന്നിവർക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തത്. ഈ മാസം 26ന് വൈകുന്നേരം 7 മണിക്ക് വായാട്ടുപറമ്പിലെ അനശ്വര സ്വാശ്രയസംഘം ഓഫീസിൽ വെച്ചായിരുന്നു സംഭവം. ഒന്നും രണ്ടും പ്രതികൾ പരാതിക്കാരനെ തടഞ്ഞു നിർത്തി ഷർട്ടിനു കയറി പിടിക്കുകയും അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും സ്വാശ്രയസംഘം ഓഫീസിന് പുറത്ത് വെച്ച് മറ്റ് പ്രതികൾ വയറിന് ചവിട്ടുകയും ഹെൽമെറ്റ് പിടിച്ചു വാങ്ങി കഴുത്തിന് അടിക്കുകയും ബാക്കി വെച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ പരാതിക്കാരൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






