ജീവനൊടുക്കാൻ ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയിൽ കാർ അപകടത്തിൽപ്പെട്ടു ; വിദ്യാർത്ഥിനി മരിച്ചു

കാസർകോട്: വീട്ടിനകത്ത് തൂങ്ങി മരിക്കാൻ ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയെ ബന്ധുക്കൾ കാറിൽ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴി അപകടം. ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി മരിച്ചു. ഇന്ന് രാവിലെ ബേഡകം ബേത്തൂർപ്പാറ പടിമരുതിലാണ് സംഭവം. കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ ബി.എസ് .സി നഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥിനി കോളിക്കുണ്ട് സ്വദേശിനി കെ സി മഹിമ (20) യാണ് മരിച്ചത്. പരേതനായ കെ ബാബുവിന്റെയും കെ സി വനജയുടെയും മകളാണ്. സഹോദരൻ മഹേഷ്. വീട്ടിനകത്ത് തൂങ്ങി മരിക്കാൻ ശ്രമിച്ച മഹിമയെ സഹോദരനും മാതാവും ചേർന്ന് ഉടൻ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പടിമരുതിൽ വെച്ച് കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടി കൂടിയ നാട്ടുകാർ വിദ്യാർത്ഥിനിയെചെർക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സഹോദരനും അമ്മയ്ക്കും നിസാര പരിക്കേറ്റു.






