മുഴപ്പിലങ്ങാട് സ്വദേശിനി മരിയം ജോസിന്റെ 100-ാം ദിന ഹാഫ് മാരത്തൺ തൃശ്ശൂരിൽ

എടക്കാട്: തുടർച്ചയായി 99 ദിവസമായി ഹാഫ് മാരത്തൺ നടത്തി ശ്രദ്ധനേടിയ റിട്ട. എസ്ഐ മരിയം ജോസ് (മുഴപ്പിലങ്ങാട്), തിങ്കളാഴ്ച പുലർച്ചെ 4.15-ന് തൃശ്ശൂർ തെക്കെ ഗോപുരനടയിൽ 100-ാം ദിന ഓട്ടം ആരംഭിക്കും.
ജൂലൈയിൽ മുഴപ്പിലങ്ങാട്ട് നിന്ന് തലശ്ശേരിയിലേക്കും തിരിച്ചും ഓടി ആരംഭിച്ച ഈ യാത്ര കേരളത്തിൻറെ വിവിധ ജില്ലകളിലൂടെയും ഗോവ, കന്യാകുമാരി വരെയും വ്യാപിച്ചു.
32 വർഷത്തെ പോലീസ് സേവനത്തിന് ശേഷം വിരമിച്ച മരിയം, “വിരമിച്ചാലും ജീവിതം നിശ്ചലമാകരുത്” എന്ന ആത്മവിശ്വാസവുമായി മുന്നേറുകയാണ്.
99-ാം ദിന ഓട്ടം മുഴപ്പിലങ്ങാട് ബീച്ചിൽ തീരദേശ പോലീസ് ഇൻസ്‌പെക്ടർ പി. ശ്രീകുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത ഉദ്ഘാടനം ചെയ്തു. വി. പ്രഭാകരൻ, ഒ.കെ. അമീർ, പി. ആദിത്യൻ, പി. ഷാജി എന്നിവർ സംസാരിച്ചു.






