ചൂട്ടാട്–പാലക്കോട് അഴിമുഖത്ത് ഡ്രഡ്ജിംഗ് തുടങ്ങി
പഴയങ്ങാടി: പതിവായി തോണി അപകടങ്ങളും മത്സ്യതൊഴിലാളികൾക്ക് ജീവഹാനിയും ഉണ്ടാക്കുന്ന ചൂട്ടാട്–പാലക്കോട് അഴിമുഖത്ത് മണൽ നീക്കം (ഡ്രഡ്ജിംഗ്) ആരംഭിച്ചു. തോണി മണൽതിട്ടയിൽ ഇടിച്ചുമറിഞ്ഞ് അസം സ്വദേശി മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധമാണ് നടപടിക്ക് വഴിവെച്ചത്. എം.എൽ.എ എം.വിജിന്റെ ഇടപെടലിനെ തുടർന്ന് കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ദുരന്തനിവാരണ നിയമപ്രകാരം മണൽ നീക്കാൻ തീരുമാനമായിരുന്നു. തുടർന്ന് രാമന്തളിയിൽ ചേർന്ന യോഗത്തിൽ മണൽ നിക്ഷേപിക്കുന്ന സ്ഥലവും നിശ്ചയിച്ചതോടെ പൊതുമേഖലാ സ്ഥാപനമായ കെംഡൽ പ്രവർത്തനം തുടങ്ങി.
അഴിമുഖത്ത് കാലവർഷം രൂക്ഷമായപ്പോൾ മണൽ തിട്ട രൂപപ്പെടുന്നതും അപകടങ്ങൾ വർധിക്കുന്നതുമാണ് പതിവ്. മത്സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കഴിഞ്ഞ ജൂലൈ 17ന് കളക്ട്രേറ്റിൽ യോഗം ചേർന്നിരുന്നു. മണൽ നിക്ഷേപിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട തീരുമാനത്തിന് ആഗസ്റ്റ് 2ന് എം.എൽ.എമാരായ എം.വിജിൻ, ടി.ഐ. മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ രാമന്തളിയിൽ യോഗം ചേർന്നു. നടപടിവേഗത്തിനായി കരാർ കമ്പനിക്കും നിർദേശമുണ്ടായി. കഴിഞ്ഞ ദിവസം കോർ കമ്മിറ്റിയും യോഗം ചേർന്നിരുന്നു. തുടർന്നാണ് ഇന്നലെ ഡ്രഡ്ജിംഗ് ആരംഭിച്ചത്.
പ്രവൃത്തി വിലയിരുത്താൻ എം.എൽ.എയ്‌ക്കൊപ്പം കെംഡൽ സൈറ്റ് എൻജിനീയർ ഷെഹിൻ ഷ, കെ.പി. ദിവാകരൻ എന്നിവർ സ്ഥലത്തെത്തി.
ചെന്നൈയിൽ നിന്ന് ഡ്രെഡ്ജർ
ചെന്നൈയിൽ നിന്ന് കൊണ്ടുവന്ന ഡ്രെഡ്ജർ ഉപയോഗിച്ചാണ് മണൽ നീക്കം നടക്കുന്നത്. ഡ്രഡ്ജിംഗ് ചെയ്ത മണൽ താൽക്കാലികമായി പാലക്കോട് പുഴയോരത്താണ് നിക്ഷേപിക്കുന്നത്. മണൽ സ്ഥിരമായി നിക്ഷേപിക്കുന്ന സ്ഥലത്തെക്കുറിച്ച് രണ്ടുദിവസത്തിനകം തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രവൃത്തി രാവിലെ മുതൽ വൈകുന്നേരം വരെയായിരിക്കും.
ദിവസം 40 ലോഡ് മണൽ
ഒരു ലക്ഷത്തി അയ്യായിരം ക്യുബിക് മീറ്റർ മണൽ നീക്കം ചെയ്യാനാണ് കെംഡൽ കമ്പനിയുമായി കരാർ. ദിവസവും ഏകദേശം 40 ലോഡ് മണൽ നീക്കം ചെയ്യുമെന്നാണ് കരാർ കമ്പനി അധികൃതരുടെ കണക്ക്.
8 വർഷം – 8 ജീവനുകൾ
2017ൽ ഒഡീഷ സ്വദേശിയും, 2018ൽ കൊയിലാണ്ടി സ്വദേശികളായ രണ്ടു മത്സ്യതൊഴിലാളികളും, 2022ൽ പുതിയങ്ങാടി സ്വദേശി പൈതലിയൻ ജോണിയും, 2023ൽ ബംഗാൾ സ്വദേശി കോക്കൻ മണ്ഡലും അപകടത്തിൽപ്പെട്ടു മരിച്ചു. ഈ വർഷവും തമിഴ്നാട് സ്വദേശി സെലമോൻ ലോപ്പസ്, അസം സ്വദേശി റിയാജുൽ ഇസ്‌ലാം എന്നിവരുടെ ജീവൻ അഴിമുഖത്ത് വള്ളം മറിഞ്ഞാണ് നഷ്ടമായത്.
