മലയോര ഹൈവേ നിർമ്മാണത്തിലെ അപാകതകൾ; അടിയന്തര പരിഹാരത്തിന് അയ്യൻകുന്ന് പഞ്ചായത്തിൽ ഉന്നതതല യോഗം

ഇരിട്ടി: മലയോര ഹൈവേ നിർമ്മാണ പുരോഗതിയും പോരായ്മകളും വിലയിരുത്താൻ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കെ.ആർ.എഫ്.ബി (KRFB) ഉദ്യോഗസ്ഥരും നിർമ്മാണ കരാറുകാരും പങ്കെടുത്ത യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. മലയോര ഹൈവേയുടെ 90 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയായെങ്കിലും, നിർമ്മാണത്തിലെ അപാകതകളും ജനങ്ങളുടെ പരാതികളും ഉയർന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് അടിയന്തരമായി സംയുക്ത അവലോകന യോഗം വിളിച്ചുചേർത്തത്.
വള്ളിത്തോട് – മണത്തണ റീച്ചിൽ അയ്യൻകുന്നിന്റെ പരിധിയിലുള്ള നിർമ്മാണ പോരായ്മകൾ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ ഉന്നയിച്ചു.
യോഗത്തിലെ പ്രധാന തീരുമാനങ്ങളും ചർച്ചകളും:
• പൈപ്പുകൾക്ക് മുകളിൽ കോൺക്രീറ്റ് ചെയ്ത സംഭവം: ആനപ്പന്തി – കരിക്കോട്ടക്കരി റീച്ചിൽ റോഡരികിലിട്ട പൈപ്പുകൾ മാറ്റാതെ കോൺക്രീറ്റ് ചെയ്ത നടപടി യോഗത്തിൽ രൂക്ഷ വിമർശനത്തിന് ഇടയാക്കി. മണ്ണുമാന്തി യന്ത്രം ഇല്ലാത്തതിനാലാണ് പൈപ്പ് മാറ്റാൻ കഴിയാതെ വന്നതെന്ന കരാറുകാരന്റെ വിശദീകരണം അംഗങ്ങൾ തള്ളി. പൈപ്പുകൾ നീക്കി ഉടൻ പ്രവൃത്തി പൂർത്തിയാക്കുമെന്ന് അധികൃതർ യോഗത്തിൽ ഉറപ്പ് നൽകി.
• ഓവുചാൽ നിർമ്മാണവും സ്ഥലമേറ്റെടുപ്പും: പല സ്ഥലങ്ങളിലും ഓവുചാൽ നിർമ്മാണം പൂർത്തിയാകാത്തത് അംഗങ്ങൾ ചൂണ്ടിക്കാട്ടി. കരിക്കോട്ടക്കരി ടൗണിലും പോലീസ് സ്റ്റേഷൻ ജംഗ്ഷനു സമീപവും സ്ഥലം വിട്ടുനൽകാത്തതാണ് നിർമ്മാണം തടസ്സപ്പെടാൻ കാരണമെന്ന് കരാറുകാരൻ അറിയിച്ചു. ഇവിടങ്ങളിൽ പഞ്ചായത്ത് ഭരണസമിതി നേരിട്ട് ഇടപെട്ട് ഉടമസ്ഥരുമായി ചർച്ച നടത്താൻ തീരുമാനമായി.
• നടപ്പാതയും കൈവരികളും: ടൗണുകളിലെ നടപ്പാതകളിൽ സുരക്ഷയ്ക്കായി കൈവരികൾ സ്ഥാപിക്കുന്നത് ഉറപ്പുവരുത്താൻ നിർദ്ദേശം നൽകി.
• സംരക്ഷണ ഭിത്തി: വെമ്പുഴയിലെ സംരക്ഷണ ഭിത്തി നിർമ്മാണത്തിലെ അപാകതകൾ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ പി. സനില പറഞ്ഞു.
• ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ: വഴിവിളക്കുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും നിർമ്മിക്കുന്നത് സംബന്ധിച്ച് നിലവിൽ നിർദ്ദേശമില്ലെന്ന് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ ജോസ്‌കുഞ്ഞ് തടത്തിൽ, മേരി റെജി, പഞ്ചായത്ത് അംഗങ്ങളായ ടോമി സൈമൺ, ബിജു ജോസഫ്, പി. രാജേഷ്, ബിന്ദു ഷാജി, ഷിബോ അഗസ്റ്റിൻ, അനീഷ് പോൾ, ലീലാമ്മ മാത്യു, അനുപമ എ. വൺ, ഷീൻ ജോസഫ്, നിർമ്മാണ കരാറുകാരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.






