കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

കുന്നുകര: കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അങ്കമാലി-മാഞ്ഞാലിത്തോട്ടിൽ മുങ്ങി മരിച്ചു. കുന്നുകര കോളനിയിലെ തേയ്ക്കാനത്ത് വീട്ടിൽ ബൈജു ശിവന്റെ മകൻ ദേവ സൂര്യയാണ് (14) മരിച്ചത്. കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്കൂളിലെ വിദ്യാർത്ഥിയും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുമാണ്.
ബുധനാഴ്ച വൈകീട്ട് 4.45-ഓടെ കുന്നുകര വടക്കേ അടുവാശ്ശേരി ഊഴം കടവ് പാലത്തിന് സമീപത്തെ ഞങ്ങാട്ടി കടവിലായിരുന്നു സംഭവം. അഞ്ച് കൂട്ടുകാർക്കൊപ്പമാണ് ദേവ സൂര്യ കുളിക്കാനെത്തിയത്. നീന്തൽ വശമില്ലാതിരുന്ന ദേവ സൂര്യ ആഴക്കയത്തിൽപ്പെടുകയായിരുന്നു. കുട്ടി മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാർ ബഹളം വെച്ചതോടെ സമീപവാസികൾ ഓടിയെത്തി ട്യൂബ് എറിഞ്ഞു നൽകിയെങ്കിലും അതിൽ പിടിക്കാൻ സാധിച്ചില്ല.
അരമണിക്കൂറോളം പുഴയിൽ താഴ്ന്നുകിടന്ന കുട്ടിയെ നാട്ടുകാർ മുങ്ങിത്തപ്പിയാണ് കരയ്‌ക്കെടുത്തത്. ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
മാതാവ്: അമ്പിളി.
സഹോദരി: ദേവപ്രിയ.
സംസ്കാരം വ്യാഴാഴ്ച ഉച്ചയോടെ കുന്നുകര പൊതുശ്മശാനത്തിൽ നടക്കും.






