പൂക്കോട് കാറുകൾ കൂട്ടിയിടിച്ച് അപകടം: നാലുപേർക്ക് പരിക്ക്

കൂത്തുപറമ്പ്: കൂത്തുപറമ്പ് പൂക്കോട് രണ്ട് കാറുകളും സ്കൂട്ടറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ വടകര സ്വദേശി ഇസ്മയിൽ (49), നീർവേലി സ്വദേശികളായ അഷറഫ് (55), ഷെഫീർ (45), തില്ലങ്കേരി സ്വദേശിയായ ദിനു (55) എന്നിവർക്കാണ് പരിക്കേറ്റത്.
.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. കൂത്തുപറമ്പിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ വന്ന കാറുമാണ് പൂക്കോട് വെച്ച് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാറുകൾ ഈ സമയം ഇതുവഴി പോവുകയായിരുന്ന സ്കൂട്ടറിലും ഇടിച്ചു. സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തെത്തുടർന്ന് റോഡിൽ ഗതാഗത തടസ്സമുണ്ടായി. കൂത്തുപറമ്പ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് തകർന്ന വാഹനങ്ങൾ നീക്കം ചെയ്തത്.






