പയ്യന്നൂരിലും പരിസരത്തും പൂട്ടിക്കിടന്ന മൂന്ന് വീടുകളിൽ മോഷണം

പയ്യന്നൂർ: പയ്യന്നൂരിലും കരിവെള്ളൂരിലുമായി പൂട്ടിക്കിടന്ന മൂന്ന് വീടുകളിൽ മോഷണം നടന്നു. വെള്ളൂർ ഏച്ചിലാം വയലിലെ പി.വി. സുരേശൻ, കരിവെള്ളൂർ കൊഴുമ്മലിലെ ഷൈനി പട്ടേരി നാരായണൻ, പുത്തൂർ കടുവാകുളങ്ങരയിലെ ശശിധരൻ എന്നിവരുടെ വീടുകളിലാണ് കവർച്ച നടന്നത്.
വെള്ളൂർ ഏച്ചിലാം വയൽ പെട്രോൾ പമ്പിന് സമീപത്തെ പി.വി. സുരേശന്റെ വീട്ടിൽ നിന്ന് സുരേശന്റെ അമ്മയുടെ മാലയും രണ്ട് വളകളും മോഷണം പോയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഡിസംബർ 16 മുതൽ സുരേശൻ പൂനയിലായിരുന്നു. ബന്ധുവീട്ടിലായിരുന്ന സുരേശന്റെ അമ്മ രണ്ടാഴ്ച മുമ്പ് വീട്ടിൽ വന്ന് പോയിരുന്നു. ഇതിന് ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ട അയൽവാസിയാണ് ബന്ധുക്കളെ വിവരമറിയിച്ചത്.
കരിവെള്ളൂർ കൊഴുമ്മൽ മുണ്ട്യക്ക് സമീപത്തെ ഗൾഫിലുള്ള ഷൈനി പട്ടേരി നാരായണന്റെ പൂട്ടിയിട്ട വീട്ടിലും സമാന രീതിയിൽ മോഷണം നടന്നു. രണ്ട് ദിവസം മുമ്പ് പുത്തൂർ കടുവാകുളങ്ങരയിലെ ശശിധരന്റെ വീട്ടിലും കവർച്ച നടന്നിരുന്നു. സ്ഥലത്തുണ്ടായിരുന്നില്ലാത്ത വീട്ടുകാർ മടങ്ങിയെത്തിയാലേ കൂടുതൽ നാശനഷ്ടങ്ങൾ വ്യക്തമാകൂ. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






