അനാസ്ഥയുടെ സ്മാരകമായി അഴീക്കോട്ടെ മൂർക്കോത്ത് കുളം; ഇടിഞ്ഞുതാഴ്ന്ന് പാർശ്വഭിത്തികൾ, പരിസരവാസികൾ ഭീതിയിൽ

അഴീക്കോട്: സംരക്ഷണവും പരിചരണവുമില്ലാതെ അഴീക്കോട് മീൻകുന്നിലെ മൂർക്കോത്ത് കുളം നശിക്കുന്നു. ഒരുകാലത്ത് പ്രദേശം മുഴുവൻ കുളിക്കാനും അലക്കാനുമായി ആശ്രയിച്ചിരുന്ന ജലാശയമാണ് ഇന്ന് കാടുകയറിയും മാലിന്യം നിറഞ്ഞും ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരിക്കുന്നത്.
മാലിന്യ നിക്ഷേപം രൂക്ഷം:
നിലവിൽ പ്ലാസ്റ്റിക് കുപ്പികളും കോഴി അവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുളത്തിൽ തള്ളുന്നത് പതിവായിരിക്കുകയാണ്. വെള്ളം വറ്റിത്തുടങ്ങിയതോടെ ദുർഗന്ധം രൂക്ഷമായി.
വീടുകൾ ഭീഷണിയിൽ:
ഏകദേശം 25 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള കുളത്തിന്റെ ഭിത്തികൾ ഇടിഞ്ഞുതാഴുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. കുളത്തിന്റെ തൊട്ടടുത്തുള്ള രണ്ട് വീടുകളുടെ മുറ്റത്തിനടുത്തുനിന്ന് മണ്ണ് കുളത്തിലേക്ക് ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇത് വീട്ടുകാരുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
അവഗണന തുടർക്കഥ:
കുളം ഭിത്തികെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കെ.വി. സുമേഷ് എം.എൽ.എയ്ക്കും കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിനും നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല എന്ന് പരിസരവാസികൾ. മുൻപ് കുളത്തിന്റെ കര സ്ലാബിട്ട് വീതി കൂട്ടി ചെറിയ മതിൽ കെട്ടിയിരുന്നെങ്കിലും കുളത്തിന്റെ ഉൾഭാഗവും ഭിത്തിയും സംരക്ഷിക്കാൻ പദ്ധതികളൊന്നുമില്ല. ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ ജലാശയം പൂർണ്ണമായും ഇല്ലാതാകുമെന്ന അവസ്ഥയിലാണ് എന്ന് നാട്ടുകാർ പറഞ്ഞു






