സ്ത്രീകൾ കിട്ടുന്ന സമയം സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കണം: ജഡ്ജി എം.ടി. ജലജാറാണി

കണ്ണൂർ: കിട്ടുന്ന സമയം സന്തോഷത്തോടെ ഇരിക്കാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടതെന്നും കുടുംബം, ജോലി, സൗഹൃദം എന്നിവ തടസ്സമില്ലാതെ ഒന്നിച്ചുകൊണ്ടുപോകാനുള്ള സാഹചര്യമുണ്ടാകണമെന്നും ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി സ്പെഷ്യൽ ജഡ്ജി എം.ടി. ജലജാറാണി അഭിപ്രായപ്പെട്ടു. ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കണ്ണൂർ യൂണിറ്റ് വനിതാ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ലോയേഴ്സ് യൂണിയൻ കണ്ണൂർ യൂണിറ്റ് വനിതാ കമ്മിറ്റി ചെയർപേഴ്സൺ പി. നിഷ ചടങ്ങിൽ അധ്യക്ഷയായി. സംസ്ഥാന വനിതാ കമ്മിഷൻ അംഗം പി. കുഞ്ഞായിഷ മുഖ്യാതിഥിയായിരുന്നു. യൂണിയൻ വനിതാ കമ്മിറ്റി സംസ്ഥാന കൺവീനർ പ്രീതി പറമ്പത്ത് വനിതാദിന സന്ദേശം നൽകി.
പ്രമുഖരെ ആദരിച്ചു:
ചടങ്ങിൽ നിയമ-സാമൂഹിക രംഗങ്ങളിൽ മികവ് തെളിയിച്ച വനിതകളെ അനുമോദിച്ചു. നിയുക്ത സിവിൽ ജഡ്ജി അഡ്വ. താന്യ നാഥൻ, മുതിർന്ന അഭിഭാഷക വി.പി. ജ്യോത്സന, ശലഭനിരീക്ഷകയും ഫോട്ടോഗ്രാഫറുമായ അഡ്വ. സവിതാ സഹദേവൻ, കണ്ണൂർ ബാർ വനിതാ ജോയിന്റ് സെക്രട്ടറി അഡ്വ. നസ്‍ലിൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. സൽമാ കൂവക്കൈ, അഡ്വ. സി. ജിൻസി എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
അഡ്വ. ഷർമിള മതുമ്മൽ, അഡ്വ. സി. ഷിഖ, ബി.പി. ശശീന്ദ്രൻ, ടി. സരള, പ്രീതകുമാരി, പി. പ്രദീപൻ എന്നിവരും പരിപാടിയിൽ സംസാരിച്ചു.







