ഗാന്ധി സ്തൂപം തകർത്ത സിപിഎമ്മുകാർ അഭിനവ ഗോഡ്സെമാർ : അഡ്വ.മാർട്ടിൻ ജോർജ്ജ്

കണ്ണൂർ: മലപ്പട്ടം അടുവാപ്പുറത്ത് രണ്ട് മാസങ്ങൾക്ക് മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച മഹാത്മജിയുടെയും, ദേശീയ നേതാക്കളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത സ്തൂപം കല്ലുമേൽ കല്ല് ശേഷിക്കാതെ തകർത്ത സി പി എം ക്രിമിനലുകളുടെ നടപടി അപലപനീയമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. മുമ്പ് പയ്യന്നൂരിലും ഗാന്ധി പ്രതിമ സി പി എമ്മുകാർ തകർത്തിരുന്നു. രാഷ്ട്രപിതാവിനു നേർക്ക് നിറയൊഴിച്ച ഗോഡ്സേയുടെ പിന്മുറക്കാരായി സി പി എം മാറുകയാണ്. സിപിഎം ശക്തികേന്ദ്രങ്ങളിൽ മഹാത്മജിയുടെ ആശയാദർശങ്ങളെ പോലും അവർ ഭയപ്പെടുന്നതിൻ്റെ ഉദാഹരണമാണ് ഈ സംഭവം. ഗാന്ധിസ്തൂപം സ്വന്തം സ്ഥലത്ത് സ്ഥാപിക്കാൻ മുൻകൈയെടുക്കുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീട് സി പി എം ക്രിമിനൽ സംഘം ആക്രമിക്കുകയുമുണ്ടായി. വീട്ടിലുണ്ടായിരുന്ന ചെറിയ കുട്ടിയടക്കം ഭാഗ്യവശാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. സ്തൂപം തകർത്തും കോൺഗ്രസ് പ്രവർത്തകരെ ഭയപ്പെടുത്തിയും കോൺഗ്രസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാമെന്ന വ്യാമോഹം വേണ്ട. ആ കാലമൊക്കെ കഴിഞ്ഞു. സി പി എം ജനാധിപത്യ ധ്വംസനങ്ങളുടെ കോട്ട കെട്ടിയ മലപ്പട്ടം പോലുള്ള പ്രദേശങ്ങളിലെ യഥാർഥ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ഇതിനെതിരെ പ്രതികരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ ആ മാറ്റം പ്രകടമായിട്ടുണ്ട്. ക്രിമിനൽ കൂട്ടങ്ങളെ മുൻനിർത്തി ആധിപത്യം തുടരാമെന്ന വ്യാമോഹം സി പി എം ഉപേക്ഷിക്കുന്നതാണ് നല്ലത്. ഗാന്ധി സ്തൂപം തകർക്കുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സനീഷിൻ്റെ വീട് ആക്രമിക്കുകയും ചെയ്ത ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡണ്ടിനോടൊപ്പം റിജിൽ മാകുറ്റി ,കെ സി ഗണേശൻ ,കെ പി ശശിധരൻ ,ശ്രീജേഷ് കൊയിലേരി തുടങ്ങിയവർ അക്രമം നടന്ന സ്ഥലം സന്ദർശിച്ചു.