വിമുക്തി – നോ ടു ഡ്രഗ്സ് ക്യാമ്പയിൻ അഞ്ചാം ഘട്ടകമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം

.
പിണറായി:
നോ ടു ഡ്രഗ്സ് കാമ്പയിനിന്റെ അഞ്ചാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നിയോജകമണ്ഡലം തലങ്ങളിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലം കേന്ദ്രീകരിച്ച് നടക്കുന്ന കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം ധർമ്മടം മണ്ഡലം തല ഉദ്ഘാടനം പിണറായി എ.കെ.ജി. സ്മാരക ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് മുഖ്യമന്ത്രിക്കുവേണ്ടി പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷേർലി ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കുമാരി അനുശ്രീ കെ അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി വി രമേശൻ, പിണറായി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ലോഹിതാക്ഷൻ, പിണറായി സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ ദിൽനാഥ്, പിണറായി എകെജി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി ശ്രീജിത്ത് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജയേഷ് മാസ്റ്റർ, പി.ടി.എ. പ്രസിഡണ്ട് അനിൽകുമാർ എ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് എ കെ സ്വാഗതവും പിണറായി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കണ്ണൻ കെ എസ് നന്ദിയും പറഞ്ഞു. വിവിധ തലങ്ങളിലെ ജനപ്രതിനിധികളും വിവിധ തലങ്ങളിലെ ജനങ്ങളും സംഘടന പ്രവർത്തകരും എകെജി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ഗൈഡ്സ്, എസ് പി സി, എൻഎസ്എസ് വളണ്ടിയർമാരും ലഹരി വിരുദ്ധ ക്ലബ്ബംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
പ്രിവന്റിവ് ഓഫീസർ ഗ്രേഡ് സമീർ കെ കെ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.എസ്.എസ്, എസ് പി സി വിഭാഗങ്ങളിലെ കുട്ടികൾ ഉൾപ്പെടെ വിദ്യാർഥികൾ പങ്കെടുത്ത ലഹരി വിരുദ്ധ സന്ദേശ റാലി സ്കൂളിൽ നിന്നും ആരംഭിച്ച് പിണറായി ടൗണിലൂടെ സഞ്ചരിച്ച് സ്കൂളിൽ സമാപിച്ചു. എകെജി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ ഒരുക്കിയ തുടി എന്ന സംഗീത ശില്പവും അരങ്ങേറി. കൂത്തുപറമ്പ് സർക്കിൾ ഓഫീസിലെയും പിണറായി റേഞ്ച് ഓഫീസിലെയും എക്സൈസ് ഉദ്യോഗസ്ഥർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.







