
കണ്ണൂർ: കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ദക്ഷിണമേഖല അന്തസ്സർവകലാശാല പുരുഷവിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകലാശാല ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ കാലിക്കറ്റ് സർവകലാശാലയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് കണ്ണൂർ കിരീടം ചൂടിയത്.
മത്സരത്തിൽ എംജി സർവകലാശാല മൂന്നാം സ്ഥാനവും തമിഴ്നാട്ടിലെ ജോയ് സർവകലാശാല നാലാം സ്ഥാനവും കരസ്ഥമാക്കി. മികച്ച പോരാട്ടം കാഴ്ചവെച്ച കണ്ണൂർ ടീം ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
വിജയികളായ ടീമിനൊപ്പം കണ്ണൂർ സർവകലാശാല ഡെവലപ്‌മെന്റ് ഓഫീസർ ഡോ. വി.എ. വിൽസൺ, കായികവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ കെ.വി. അനൂപ്, കെ. അബ്ദുൽ റഹ്മാൻ, സെനറ്റംഗം അഖിൽ കെ. ശ്രീധർ, ജിജിത്ത് എന്നിവരും കോച്ചുമാരായ ഹിഗിറ്റ രാധാകൃഷ്ണൻ, ബിപിറ്റ രാധാകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു. ദക്ഷിണമേഖലയിൽ ചാമ്പ്യന്മാരായതോടെ കണ്ണൂർ സർവകലാശാല ദേശീയ അന്തസ്സർവകലാശാല മത്സരങ്ങളിലേക്ക് യോഗ്യത നേടി.






