ക്ലായിക്കോട് മുച്ചിലോട്ട് നിലം പണി തുടങ്ങി

ക്ലായിക്കോട് / ചെറുവത്തൂർ.: 2026ഫെബ്രുവരി 4 മുതൽ 7 വരെ നടക്കുന്ന ശ്രീ ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന് മുന്നോടിയായി നിലംപണി തുടങ്ങി. ജന്മജോത്സ്യർ മുൻകൂട്ടി കുറിച്ച് നൽകിയ മുഹൂർത്തത്തിൽ വ്യാഴാഴ്ച രാവിലെ 10.30 നും 10.55നും ഇടയിലാണ് ചടങ്ങുകൾ നടന്നത്.അരങ്ങിൽ ഇറങ്ങിയ പ്രതിപുരുഷന്മാർ ക്ഷേത്രത്തിന് പുറകിലായി കൈലാസ ക്കല്ലിന് സമീപം പ്രതീകാത്മകമായി ചടങ്ങ് നിർവഹിച്ചു. ആദ്യം മുച്ചിലോട്ട് ഭഗവതി നിലംകിളച്ച് ചാണകം മെഴുകി. പിന്നാലെ മറ്റ് പ്രതിപുരുഷന്മാരും ക്ഷേത്രം കാരണവന്മാരും കരിവെള്ളൂർ മുച്ചിലോട് വല്യച്ചനും ഉൾപ്പടെ ചടങ്ങ് നിർവഹിച്ചു.
ഇതര മുച്ചിലോടുകളിലെ ആചാരസ്ഥാനികർ,സമീപക്ഷേത്രങ്ങളിലെ ആചാരക്കാർ,ആഘോഷ കമ്മറ്റി ഭാരവാഹികൾ, അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വരും ദിവസങ്ങളിൽ ക്ഷേത്രം വാല്യക്കാരുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെയുള്ള ശ്രമദാനത്തിലുടെ മുച്ചിലോടും പരിസരവും പെരുങ്കളിയാട്ടത്തിനായി ഒരുങ്ങും.നിലംപണിയടിയന്തിരത്തിന് പിന്നാലെ ക്ഷേത്രത്തിലെത്തിയ മുഴുവൻ പേർക്കും അന്നപ്രസാദവും നടന്നു.നീണ്ട പതിനെട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ക്ലായിക്കോട് മുച്ചിലോട് മറ്റൊരു പെരുങ്കളിയാട്ടത്തെ വരവേൽക്കുന്നത്.






