December 1, 2025

പോലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 20വർഷം തടവും രണ്ടരലക്ഷം പിഴയും ശിക്ഷ

img_9858.jpg

പയ്യന്നൂർ: പോലീസ് വാഹനത്തിന് സ്റ്റീല്‍ ബോംബെറിഞ്ഞ് പോലീസുകാരെ വധിക്കാൻ ശ്രമിച്ച കേസില്‍ സി.പി.എം സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർക്ക് 20 വർഷം തടവിനും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു

പയ്യന്നൂര്‍ നഗരസഭ വെള്ളൂര്‍ മൊട്ടമ്മല്‍ 46-ാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വെള്ളൂരിലെ വി.കെ നിഷാദ് (35), അന്നൂരിലെ ടി.സി.വി നന്ദകുമാര്‍ (35) എന്നിവരെയാണ് തളിപ്പറമ്പ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എന്‍ പ്രശാന്ത് ശിക്ഷിച്ചത്. ഐ.പി.സി 307 (വധശ്രമം), എക്‌സ്‌പ്ലോസീവ് ആക്ട് നാല്,അഞ്ച് വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. വധശ്രമത്തിന് അഞ്ചു വർഷവും ഒരു ലക്ഷവും
എക്സ്പ്ലോസീവ് സബ്സ്റ്റൻസ് അഞ്ച് നിയമപ്രകാരം അഞ്ച് വർഷവും 50,000 പിഴയും , എക്സ്പ്ലോസീവ് സബ്സ്റ്റൻസ് നാല് നിയമപ്രകാരം പത്ത് വർഷം തടവും ഒരു ലക്ഷം പിഴയും ഉൾപ്പെടുന്നതാണ് ശിക്ഷ. 10 വർഷം ശിക്ഷ അനുഭവവിച്ചാൽ മതി.
കൂട്ടു പ്രതികളായവെള്ളൂര്‍ ആറാംവയലിലെ എ. മിഥുന്‍ (36), വെള്ളൂര്‍ കണിയേരിയിലെ കെ.വി കൃപേഷ് (38) എന്നിവരെ കോടതി വെറുതെ വിട്ടു. ഔദ്യോഗിക കൃത്യനിര്‍വ്വഹണ തടസ്സപ്പെടുത്തൽ എന്ന വകുപ്പ് കൂടി ഇവരുടെ പേരില്‍ പോലീസ് ചാര്‍ത്തിയിരുന്നെങ്കിലും ഇക്കാര്യം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. നോമിനേഷന്‍ നല്‍കുന്ന സമയത്ത് ശിക്ഷ വിധിക്കാത്തതിനാല്‍ നിഷാദിന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ തടസ്സമില്ല. ശിക്ഷ സ്റ്റേ ചെയ്തിട്ടില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്ഥാനം രാജിവെക്കേണ്ടിവരും.
2012 -ല്‍ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷന്‍ അക്രമിക്കപ്പെടുകയും നിരവധി അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ആഗസ്ത് ഒന്നിന് പയ്യന്നൂര്‍ പോലീസ് ശ്രീവല്‍സം ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് എ. രൂപേഷിനെ ഒരുസംഘം സി.പി.എം പ്രവര്‍ത്തകര്‍ അക്രമിക്കുന്നുവെന്ന ഫോൺ സന്ദേശ പ്രകാരം അന്വേഷിച്ച് തിരിച്ചുവരികയായിരുന്ന പയ്യന്നൂര്‍ സ്റ്റേഷനിലെ എസ്.ഐ. കെ.പി രാമകൃഷ്ണന്‍, അഡീ.എസ്.ഐ. കുട്ടിയമ്പു, സിവിൽ പോലീസ് ഓഫീസർ പ്രമോദ്, ഡ്രൈവര്‍ നാണുക്കുട്ടന്‍, കെ.എ.പി.യിലെ അനൂപ്, ജാക്‌സണ്‍ എന്നിവരടങ്ങിയ പോലീസ് സംഘത്തിന് നേരെ രണ്ട് ബൈക്കുകളിലെത്തിയ സംഘം ബോംബെറിഞ്ഞത്.
പ്രോസിക്യൂട്ടര്‍മാരായ യു.രമേശന്‍, മധു എന്നിവര്‍ സര്‍ക്കാരിനുവേണ്ടി ഹാജരായി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger