November 2, 2025

എരഞ്ഞോളി മിനി സ്റ്റേഡിയം 2 കോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍ നവംബര്‍ ആദ്യവാരം ആരംഭിക്കും

0cbef5f8-cac6-4683-bfeb-1db0735b536f.jpg

തലശ്ശേരി നിയോജക മണ്ഡലത്തിലെ എരഞ്ഞോളി ഇ.എം.എസ് മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികൾ നവംബർ ആദ്യവാരം ആരംഭിക്കും.

കായിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബഡ്ജറ്റ് വർക്കിലുൾപ്പെടുത്തിയാണ് 2 കോടി രൂപയുടെ പ്രോജക്ട് സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന നടപ്പാക്കുന്നത്.

ഗ്രൗണ്ട് ഡെവലപ്മെന്റ്, മഡ് ഫുട്ബാൾ കോർട്ട്, മഡ് ബാഡ്മിൻ്റൺ കോർട്ട്, ഫെൻസിംഗ്, സ്റ്റെയിൻസ്, സ്റ്റെപ് ഗ്യാലറി, ഓഫീസ് കെട്ടിടം, ഓപ്പൺ സ്റ്റേജ് എന്നീ പ്രവൃത്തികളാണ് ഇതിലുൾപ്പെടുന്നത്.

ഒക്ടോബർ 3-ന് പ്രോജക്ടിന് സാങ്കേതികാനുമതി ലഭിച്ചെന്നും അടുത്ത ദിവസം തന്നെ ടെണ്ടർ നടപടികൾ പൂർത്തികരിച്ച് എഗ്രിമെന്റ് വച്ച് നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ആറു മാസത്തിലുള്ളിൽ പ്രവൃത്തി പൂർത്തികരിക്കാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

നിയമസഭാ സ്പീക്കർ എ. എൻ. ഷംസീറിന്റെ അദ്ധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ ചേർന്ന മണ്ഡലത്തിലെ കായിക മേഖലയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമായത്.

തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫിറ്റ്നസ് സെന്റർ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സിവിൽ വർക്കുകൾ പൂർത്തീകരിച്ചു.

പന്ന്യന്നൂരിൽ സ്റ്റേഡിയം, സ്വിമ്മിംഗ്‌പൂൾ, ഫിറ്റ്നസ് സെന്റര്‍ എന്നിവ നിർമ്മിക്കുന്നതിനുള്ള 3 കോടി രൂപയുടെ പ്രവൃത്തി അടുത്ത ദിവസം തന്നെ ടെണ്ടർ ചെയ്യും.

കതിരൂരിൽ സ്വിമ്മിംഗ്‌പൂൾ നിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം ലഭിക്കാത്ത പശ്ചാത്തലത്തിൽ തലശ്ശേരി ടൗണിൽ കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തോടനുബന്ധിച്ച് കെ.സി.എ.യുടെ സഹകരണത്തോടെ 3 കോടി രൂപയുടെ സ്വിമ്മിംഗ്‌പൂൾ പ്രോജക്ട് സംയുക്തമായി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കും.

സ്പോർട്സ് വകുപ്പ് ഡയറക്ടർ വിഷ്ണുരാജ്, അഡിഷണൽ ഡയറക്ടർ ഡോ. പ്രദീപ് സി. എസ്., സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരൻ നായർ, അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോൻ അർജുൻ എസ്. കെ., പേഴ്സണല്‍ അസിസ്റ്റന്റ് സത്താര്‍ കെ. എന്നിവർ യോഗത്തിൽ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger