ടൂവീലർ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു

കണ്ണൂർ : അമ്പത് ശതമാനം സബ്സിഡിയോടെ ടൂ വീലർ നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം പോലീസ് കേസെടുത്തു. കണ്ണൂർ പയ്യാമ്പലത്തെ എ.പി. നഫീലയുടെ പരാതിയിലാണ് ഏറണാകുളം കളമശ്ശേരിയിലെ പ്രൊഫഷണൽ സർവീസ് ഇന്നോവേഷൻസ് കൊറസോൺ പ്രൊപ്പറേറ്റർ അനന്ദു കൃഷ്ണൻ, കണ്ണൂർ സീഡ് സൊസൈറ്റി കോ ഓഡിനേറ്ററും പ്രൊമോട്ടറുമായ മോഹനൻ എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. 2024 ജൂലായ് 10 ന് സീഡ് സൊസൈറ്റിയുടെ പ്രമോട്ടർമാരായ പ്രതികൾ നാഷണൽ എൻ. ജി.ഒ. യുടെ കീഴിൽ 50% സബ്സിഡിയോടെ ടൂവീലർ തരാമെന്ന് വിശ്വസിപ്പിച്ച് പ്രതികളുടെ ഇന്നോവേഷൻസ് എന്ന ബേങ്ക് അക്കൗണ്ടിലേക്ക് ടൂ വീലറിൻ്റെ പകുതി വിലയായ 60,000 രൂപ ഭർത്താവിൻ്റെ അക്കൗണ്ട് വഴി അയച്ചു കൊടുത്ത ശേഷം പറഞ്ഞകാലാവധി കഴിഞ്ഞിട്ടും ടൂ വീലർ നൽകാതെയും കൊടുത്ത പണം നൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






