കുപ്രസിദ്ധ കവർച്ചക്കാരൻ തടവു ചാടി

പരിയാരം: പയ്യന്നൂർടൗണിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും പണമടങ്ങിയ ബേഗുമായി കടന്നു കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് റിമാന്റിൽ ചികിൽസയിൽ കഴിയവേ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും തടവുചാടി.
സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസിൽ പ്രതിയായ തീവെട്ടി ബാബു എന്ന കൊല്ലം പുതുക്കുളം കുളത്തൂർകോണം നന്ദു ഭവനത്തിൽ എ. ബാബു (60) ആണ് തടവുചാടിയത്. ഇന്ന് രാവിലെ 10.45മണി യോടെയാണ് സംഭവം. പരിയാരം പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
ഈ മാസം 18 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെയാണ് ടൗണിലെ അർച്ചന ബാറിന് സമീപം പ്രവർത്തിക്കുന്ന പൊതുവാൾ ബ്രാസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ കോറോം കോക്കോട്ടെ ഇ.കുഞ്ഞിക്കണ്ണന്റെ 6500 രൂപ അടങ്ങിയ ബേഗുമായി പ്രതി കടന്നു കളഞ്ഞത്.
കടയിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച വ്യാപാരികൾ മോഷ്ടി ച്ചയാളെ തിരിച്ചറിഞ്ഞ് തിരച്ചിൽ നടത്തുന്നതിനിടെ വെള്ളിയാഴ്ച
ഉച്ചയ്ക്ക് സെൻട്രൽ ബസാറിലെ മറ്റൊരു ബ്രാസ് വില്പനകടയ്ക്ക് സമീപം ഇയാൾ എത്തിയപ്പോഴാണ് തലേ ദിവസം മോഷണം നടത്തിയ മോഷ്ടാവിനെ വ്യാപാരി കൾ പിടികൂടി പയ്യന്നൂർ പോലീസിന് കൈമാറിയത്.
നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്ത് കോടതി റിമാന്റു ചെയ്തിരുന്നു. ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോൾ ചികിത്സക്കിടെ ഇന്ന് രാവിലെ തടവുചാടുകയായിരുന്നു.






