വ്യാപാര സ്ഥാപനത്തിൽ നിന്നും പണമടങ്ങിയ ബേഗുമായി കടന്നു കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.

പയ്യന്നൂർ : ടൗണിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും പണമടങ്ങിയ ബേഗുമായി കടന്നു കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസിൽ പ്രതിയായ തീവെട്ടി ബാബു എന്ന കൊല്ലം പുതുക്കുളം കുളത്തൂർകോണം നന്ദു ഭവനത്തിൽ എ. ബാബു (60) വിനെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുപ്രസിദ്ധ മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞ് എസ്.ഐ. എൽ.ജബ്ബാറും സംഘവും അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഈ മാസം 18 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെയാണ് ടൗണിലെ അർച്ചന ബാറിന് സമീപം പ്രവർത്തിക്കുന്ന പൊതുവാൾ ബ്രാസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ കോറോം കോക്കോട്ടെ ഇ.കുഞ്ഞിക്കണ്ണന്റെ 6500 രൂപ അടങ്ങിയ ബേഗുമായി പ്രതി കടന്നു കളഞ്ഞത്.
കടയിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച വ്യാപാരികൾ മോഷ്ടി ച്ചയാളെ തിരിച്ചറിഞ്ഞ് തിരച്ചിൽ നടത്തുന്നതിനിടെ വെള്ളിയാഴ്ച
ഉച്ചയ്ക്ക് സെൻട്രൽ ബസാറിലെ മറ്റൊരു ബ്രാസ് വില്പനകടയ്ക്ക് സമീപം ഇയാൾ എത്തിയപ്പോഴാണ് തലേ ദിവസം മോഷണം നടത്തിയ മോഷ്ടാവിനെ വ്യാപാരി തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരാതിക്കാരനായ കുഞ്ഞിക്കണ്ണന്റെ കൈക്ക് കടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെവ്യാപാരികളും നാട്ടുകാരും ചേർന്ന്പിടികൂടി പയ്യന്നൂർ പോലീസിൽ ഏല്പിക്കുകയായിരുന്നു. സംസ്ഥാനത്ത് ഭരണങ്ങാനം, പുതുക്കുളം ഉൾപ്പെടെ തെക്കൻജില്ലകളിലും കണ്ണൂർ, കാസറഗോഡ് ജില്ലകളിലേയും മോഷണ കേസുകളിലും പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുറച്ചു നാളുകളായി പയ്യന്നൂർ ടൗണിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളിൽ താമസിച്ചാണ് പ്രതി മോഷണത്തിന് എത്തിയത്.






