മണൽ മാഫിയ ബന്ധം ആറു പോലീസുകാർക്ക് സസ്പെൻഷൻ
കുമ്പള:മണൽ മാഫിയ സംഘങ്ങൾക്ക് സോഷ്യൽ മീഡിയ വഴി പോലീസ് റെയ്ഡ്നീക്കം ചോർത്തി കൊടുത്ത ആറു പോലീസുകാർക്ക് സസ്പെൻഷൻ .കുമ്പള പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എം. അബദുൽസലാം, എ.കെ.
വിനോദ് കുമാർ, കെ.വി. ലിനീഷ് ,സിവിൽ പോലീസ് ഓഫീസർമാരായ എ.എം.മനു, എം.കെ.അനൂപ്,ഡ്രൈവർ വി.എം. കൃഷ്ണപ്രസാദ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്‌തത്. സ്റ്റേഷൻ പരിധിയിൽ മണൽകടത്ത് വ്യാപകമാണ്. പോലീസ് എന്തു നടപടി ഇവർക്കെതിരെ സ്വീകരിച്ചാലും വിവരം കൃത്യമായി മാഫിയകളിൽ എത്തിയിരുന്നു. പോലീസ് കർശന നടപടി സ്വീകരിക്കുമ്പോഴാണ് മണൽ മാഫിയ സംഘം പോലീസുകാരെ ഉപയോഗപ്പെടുത്തി വിവരം ചോർത്തിയത്. എസ്. ഐ റെയ്ഡിനു പരിശോധനക്കിറങ്ങുമ്പോൾ പലപ്പോഴായി ഡ്യൂട്ടിയിലുള്ള പോലീസുകാർ മാറി മാറി വിവരം വാട്‌സാപ്പ് വഴിയും ഫോൺ കോൾ വഴിയും മണൽ മാഫിയ സംഘങ്ങൾക്ക് നൽകുകയായിരുന്നു. റെയ്ഡ് പ്രഹസനമാകുകയും മണൽ മാഫിയ സംഘം പലപോഴും രക്ഷപെട്ടു. ഒരാഴ്‌ച മുമ്പാണ് സംഭവം കാസറഗോഡ് ഡിവൈഎസ്പി . സി. കെ സുനിൽകുമാർ കണ്ടെത്തിയത്. തുടർന്ന് പോലീസുകാരെ നിരീക്ഷിക്കുകയും ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുകയും തുടർന്ന് നടപടി സ്വീകരിക്കുകയുമായിരുന്നു.
