സോണിലെ മികച്ച ലോക്കൽ ഓർഗനൈസേഷൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളുമായി ജെസിഐ കൊക്കാനിശ്ശേരി

പയ്യന്നൂർ: ചെറുവത്തൂർ കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ജെസിഐ ഇന്ത്യ സോൺ 19-ന്റെ സോൺ കോൺഫറൻസിൽ മികച്ച ലോക്കൽ ഓർഗനൈസേഷൻ ഉൾപ്പെടെ എട്ട് പുരസ്കാരങ്ങൾ കരസ്ഥമാക്കി ജെസിഐ കൊക്കാനിശ്ശേരി മികച്ച നേട്ടം കൈവരിച്ചു.
സോൺ 19-ലെ മികച്ച ലോക്കൽ ഓർഗനൈസേഷനായി ജെസിഐ കൊക്കാനിശ്ശേരിയെ തിരഞ്ഞെടുത്തു. മികച്ച ലോക്കൽ ഓർഗനൈസേഷൻ ഓഫീസറായി ട്രഷറർ ജെഎഫ്എം ഷാരിക കെ.എം., മികച്ച സോൺ വൈസ് പ്രസിഡന്റായി ജെഎഫ്എ ഷിജു മോഹൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നാഷണൽ പ്രസിഡന്റ് ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം, മികച്ച ഗ്രോത്ത് ആൻഡ് ഡെവലപ്മെന്റ് പ്രോഗ്രാം, മികച്ച സോൺ ബുള്ളറ്റിൻ എന്നീ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ നേടി. നഴ്സറി ഫെസ്റ്റിന് മികച്ച കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം വിഭാഗത്തിലും ബ്രാൻഡിങ് ആൻഡ് യൂണിഫോം വിഭാഗത്തിലും റണ്ണറപ്പ് പുരസ്കാരങ്ങളും ലഭിച്ചു.
പ്രസിഡന്റ് ജെഎഫ്ഡി സനോജ് എം.വി.യുടെ നേതൃത്വത്തിൽ നടപ്പാക്കിയ അംഗത്വ വികസന പ്രവർത്തനങ്ങൾ, മൂന്ന് പുതിയ ലോക്കൽ ഓർഗനൈസേഷനുകളുടെ രൂപീകരണം, മിഡ് ഇയർ കോൺഫറൻസ് സംഘാടനം, നഴ്സറി ഫെസ്റ്റ് ഉൾപ്പെടെയുള്ള സാമൂഹിക സേവന പദ്ധതികൾ എന്നിവയാണ് ഈ നേട്ടത്തിന് കരുത്തായത്.
സംഘടനയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ നേട്ടമാണിതെന്നും എല്ലാ അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിനും ആത്മാർത്ഥമായ സഹകരണത്തിനുമുള്ള അംഗീകാരമാണ് ഈ പുരസ്കാരങ്ങളെന്നും പ്രസിഡന്റ് ജെഎഫ്ഡി സനോജ് എം.വി. അറിയിച്ചു.







