സൂപ്പർലീഗ് കേരളം: ഹോംഗ്രൗണ്ടിൽ കണ്ണൂർ വാരിയേഴ്സിന് ആദ്യ തോൽവി; കാലിക്കറ്റ് എഫ്.സിക്ക് തകർപ്പൻ ജയം

Screenshot
കണ്ണൂർ: “ഫുട്ബോൾ മാത്രമല്ല, ഞമ്മളെയും ചങ്കാണ്” എന്ന് ഉറക്കെ പ്രഖ്യാപിച്ചുള്ള പോരാട്ടത്തിൽ സൂപ്പർലീഗ് കേരള മൂന്നാം സീസണിൽ ഹോംഗ്രൗണ്ടിൽ കണ്ണൂർ വാരിയേഴ്സിന് ആദ്യ തോൽവി. സീസണിൽ ഇതുവരെ തോൽക്കാതെ എത്തിയ കാലിക്കറ്റ് എഫ്.സി.യാണ് കണ്ണൂരിനെ സ്വന്തം തട്ടകത്തിൽ വീഴ്ത്തിയത്. കഴിഞ്ഞ സീസണിലും ഹോംഗ്രൗണ്ടിൽ കണ്ണൂരിനെ തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് അവർ കളത്തിലിറങ്ങിയത്.
ആവേശം നിറഞ്ഞ മത്സരം കാണാൻ ഞായറാഴ്ച 11,008 പേരാണ് ഗാലറിയിലെത്തിയത്. മത്സരത്തിന്റെ 15-ാം മിനിറ്റിൽ ലീഡെടുത്ത കാലിക്കറ്റ് എഫ്.സി. ആരാധകരെ ആവേശത്തിലാഴ്ത്തി. തുടർന്ന് 31-ാം മിനിറ്റിൽ കാലിക്കറ്റ് താരം മാനുവൽ വില്ലാലോബ്സിന് ചുവപ്പുകാർഡ് ലഭിച്ച് പുറത്തുപോയതോടെ അവർ പത്തുപേരുമായാണ് പൊരുതിയത്. എങ്കിലും പോരാട്ടവീര്യം ചോരാതെ കാലിക്കറ്റ് മൈതാനം നിറഞ്ഞു കളിച്ചു.
മത്സരത്തിലുടനീളം നിരവധി ഗോൾവസരങ്ങൾ കണ്ണൂർ വാരിയേഴ്സിനെ തേടിയെത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. കാലിക്കറ്റ് ഗോൾകീപ്പർ മിർഷാദ് പല നിർണായക ഷോട്ടുകളും തട്ടിയകറ്റി ടീമിന്റെ രക്ഷകനായി. 11-ാം മിനിറ്റിൽ പരിക്കേറ്റ കാലിക്കറ്റ് താരം അലക്സിസ് സോസയ്ക്ക് പകരം മുഹമ്മദ് റിയാസ് കളത്തിലിറങ്ങി. 23-ാം മിനിറ്റിൽ കാലിക്കറ്റിന് ലഭിച്ച അവസരം കണ്ണൂർ ഗോൾകീപ്പർ ഹജ്മൽ പിടിച്ചെടുത്തു. 25-ാം മിനിറ്റിൽ കോർണറിൽനിന്ന് കണ്ണൂർ താരം ജോബിൻ ജോസഫ് ഹെഡ് ചെയ്തെങ്കിലും മിർഷാദ് അത് തട്ടിയകറ്റി.
രണ്ടാം പകുതിയിലും കണ്ണൂരിന്റെ മുന്നേറ്റങ്ങൾ ഗോൾവല കുലുക്കിയില്ല. 60-ാം മിനിറ്റിൽ വലത് വിങ്ങിലൂടെ മുന്നേറിയ മുഹമ്മദ് സിനാൻ നൽകിയ ക്രോസ് മുഷ്റഫ് ഗോളാക്കാൻ ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. മൂന്ന് മിനിറ്റിനുശേഷം ഇടത് വിങ്ങിലൂടെ ഓവർലാപ്പ് ചെയ്ത് എത്തിയ ജോബിൻ ബോക്സിലേക്ക് നൽകിയ ക്രോസും ലക്ഷ്യം കണ്ടില്ല. 72-ാം മിനിറ്റിൽ കാലിക്കറ്റ് ഗോൾമുഖത്ത് ലഭിച്ച അവസരം അവരുടെ പ്രതിരോധനിര പോസ്റ്റിന് മുന്നിൽ നിന്ന് ബ്ലോക്ക് ചെയ്തു. പത്തുപേരുമായി പൊരുതിയ കാലിക്കറ്റിന്റെ കരുത്തട അടയാളപ്പെടുത്തിയ വിജയമായി ഈ മത്സരം മാറി.







