കണ്ണെത്താദൂരത്തോളം പൂപ്പാടങ്ങൾ; ഗുണ്ടൽപേട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിൽ പൂപ്പാടങ്ങൾ കാണാൻ സഞ്ചാരികളുടെ വൻ തിരക്ക്. കഴിഞ്ഞ രണ്ടാഴ്ചകളിലായി കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, പാലക്കാട്, കാസർകോട് തുടങ്ങിയ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും നിരവധി പേരാണ് കുടുംബസമേതം കാഴ്ചകൾ കാണാൻ ഗുണ്ടൽപേട്ടിലേക്ക് എത്തുന്നത്.
ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവിടെ സൂര്യകാന്തി, ചെണ്ടുമല്ലി, ജമന്തി, മല്ലിപ്പൂ എന്നിവ കൂടുതലായി പൂത്തുനിൽക്കുന്നത്. ഇക്കുറി ഏക്കറുകണക്കിന് പാടങ്ങളിലാണ് പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്. ഓണക്കാല വിപണി ലക്ഷ്യമാക്കി ചെണ്ടുമല്ലിയാണ് കൂടുതലും വിളവെടുക്കുന്നത്. ഓണത്തിന് പൂക്കളമിടാനായി കേരളത്തിലേക്കും ഈ പൂക്കൾ വ്യാപകമായി എത്തും.
മൂന്ന് മാസമാണ് കൃഷിയുടെ കാലാവധി. പ്രധാനമായും പെയിന്റ് കമ്പനികളാണ് പൂക്കൾ ഏറ്റെടുക്കുന്നത്. ഇവർ തന്നെയാണ് കർഷകർക്ക് ആവശ്യമായ വിത്തും വളവും നൽകുന്നതും. കിലോയ്ക്ക് 25 മുതൽ 30 രൂപ വരെയാണ് നിലവിലെ വില. സീസൺ അടുക്കുമ്പോഴേക്കും വില ഇനിയും ഉയരും. പൂക്കൾ വിറ്റു കിട്ടുന്ന വരുമാനത്തിന് പുറമെ, പൂപ്പാടങ്ങളിൽ കയറി ഫോട്ടോ എടുക്കുന്നതിനായി സഞ്ചാരികളിൽ നിന്നും ചെറിയൊരു ഫീസും കർഷകർ ഈടാക്കുന്നുണ്ട്. ഇതിനൊപ്പം ലഘുഭക്ഷണങ്ങളും പാനീയങ്ങളും വിറ്റും ഇവർ മികച്ച വരുമാനം കണ്ടെത്തുന്നു.







