സംഭവിക്കുമായിരുന്നത് വൻ ദുരന്തം; കണ്ണൂർ ചെറുപുഴ കട്ടപ്പള്ളിയിൽ ഭീമൻ പാറക്കല്ലുകൾ ഉരുണ്ടിറങ്ങി

Screenshot
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ മേഖലയിൽ നിരവധി കൂറ്റൻ പാറകളും മണ്ണും ഉരുണ്ടിറങ്ങി വ്യാപക നാശനഷ്ടമുണ്ടായി. നിരവധി കൃഷിയിടങ്ങൾ നശിച്ചതിനൊപ്പം താഴെയുള്ള ഭാഗങ്ങളിലെ വീടുകൾക്കും ഗുരുതരമായ അപകടഭീഷണി ഉയർന്നിരിക്കുകയാണ്.
കട്ടപ്പുള്ളി–ശാന്തിപുരം റോഡിന് മുകൾഭാഗത്ത് പാലിക്കാമറ്റത്തിൽ രാധാകൃഷ്ണന്റെ കൃഷിയിടത്തിൽ നിന്നാണ് വലിയ കല്ലുകളും മണ്ണും ഉരുണ്ടിറങ്ങിയത്.
കൂറ്റൻ മരങ്ങൾ കടപുഴകിയും തകർത്തുമാണ് പാറക്കല്ലുകൾ താഴേക്ക് പതിച്ചത്. തുടർന്ന് നിരപ്പേൽ അഗസ്റ്റിൻ, ജോസ് എന്നിവരുടെ കൃഷിയിടങ്ങളിലേക്ക് മണ്ണും കല്ലും പതിച്ച് കൃഷി വ്യാപകമായി നശിച്ചു.
വലിയ ശബ്ദത്തോടെയായിരുന്നു മണ്ണിടിച്ചിലും പാറയുരുളലും ഉണ്ടായത്. സംഭവത്തെ തുടർന്ന് താഴെയുള്ള ഭാഗങ്ങളിലെ നിരവധി കുടുംബങ്ങൾ ഭീതിയിലാണ് കഴിയുന്നത്. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലും പാറയുരുളലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്കയും ശക്തമാണ്.
വർഷങ്ങൾക്കുമുമ്പ് സമാനമായ രീതിയിൽ പാറയുരുണ്ടുവീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായ സംഭവങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ പ്രദേശവാസികളുടെ ആശങ്ക ഇരട്ടിയായിരിക്കുകയാണ്.







