അപകടത്തില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളിക്ക് ചികിത്സ ഉറപ്പാക്കി മനുഷ്യാവകാശ പ്രവര്‍ത്തകര്‍

കാങ്കോൽ: വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. വാഹനാപകടത്തില്‍ പരിക്കേറ്റ് മാത്തിൽ വൈപ്പിരിയത്ത് കഴിയുന്നമേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ മെക്കാനിക്കായ ബീഹാര്‍ സ്വദേശി റോഷന്‍കുമാർ (23) ആയിരുന്നു ആവശ്യമായ ചികിത്സ ലഭിക്കാതെ കഴിഞ്ഞു വരുന്നത്.
കഴിഞ്ഞ മെയ് 24ന് വാഹനത്തിൽ ഡ്രൈവർക്കൊപ്പം ജോലിയുടെ ഭാഗമായി യാത്ര ചെയ്യുന്നതിനിടയില്‍ പിലാത്തറയില്‍വെച്ചു നടന്ന വാഹനാപകടത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയോട് മാറ്റിവെക്കുന്നതുള്‍പ്പെടെയുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് വിധേയനായ റോഷന്‍കുമാര്‍ ഒന്നരമാസത്തോളം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പിന്നീട് ആവശ്യമായ ഒരു സജ്ജീകരണങ്ങളില്ലാത്ത കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വൈപ്പിരിയത്തെമുറിയില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. അന്നത്തെ അപകടത്തില്‍ കൂടെയുണ്ടായിരുന്ന ഡ്രൈവറെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. റോഷന്‍കുമാറിന് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നറിഞ്ഞ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ കമ്പനി അധികൃതര്‍ അനുമതി നല്‍കിയില്ല.
പന്നീട് പയ്യന്നൂർഎംഎല്‍എ വി. കുഞ്ഞികൃഷ്ണനും പോലീസും ഇടപെട്ടതോടെയാണ് സന്ദര്‍ശനാനുമതി നല്‍കിയത്. വാട്ടര്‍ ബെഡ്ഡോഎയര്‍ ബെഡ്ഡോ ഇല്ലാതെയുള്ള കിടപ്പില്‍ തൊലിയൊക്കെ പൊട്ടറായ അവസ്ഥയില്‍ മൃതപ്രായനായ നിലയിലാണ് റോഷന്‍കുമാറിനെ കണ്ടതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു. വലതുഭാഗം തളര്‍ന്നും സംസാരശേഷിയില്ലാത്ത നിലയിലുമായിരുന്നു ഇയാള്‍. ഇയാളുടെ മാതാപിതാക്കളും അമ്മാവനും കൂടെയുണ്ടായിട്ടും അവരെല്ലാം നിസ്സഹായരായിരുന്നു. വിവരമറിഞ്ഞ് മേഘ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി എയര്‍ ബെഡ് കൊണ്ടുവന്ന് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറായി.
ബന്ധപ്പെട്ട വകുപ്പുകളില്‍ വിവമറിയിച്ചതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സയും നഷ്ട പരിഹാരങ്ങള്‍ ലഭിക്കാനാവശ്യമായ നിയമ സഹായങ്ങള്‍ക്കും സാഹചര്യമൊരുക്കി. ഇന്ന് ഇന്റര്‍ സ്റ്റേറ്റ് ലേബര്‍ ഓഫീസർ സ്ഥലത്തെത്തും. രണ്ട് ദിവസത്തിനകം നിയമപരമായ നഷ്ട പരിഹാര നടപടികള്‍ സ്വീകരിക്കാനും പാറ്റ്ന എയിംസ് ഹോസ്പിറ്റലിലേക്ക് ഇയാളെ സുരക്ഷിതനായി മാറ്റാമെന്നും കമ്പനി ഉറപ്പ് നല്‍കിയതായി ഇക്കാര്യത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരായ സി.ദിവാകരന്‍, കെ.സി. ഹരിദാസ് എന്നിവര്‍ പറഞ്ഞു.







