പ്രചാരണം സജീവമാക്കി കെ.വി. സുമേഷ്; പാപ്പിനിശ്ശേരിയിൽ പര്യടനം നടത്തി

അഴീക്കോട്: അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. സുമേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മണ്ഡലത്തിൽ സജീവമായി പുരോഗമിക്കുന്നു. ബുധനാഴ്ച പാപ്പിനിശ്ശേരി ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തി വോട്ടഭ്യർത്ഥിച്ചു.
പാപ്പിനിശ്ശേരി ഹാജി റോഡിൽ നിന്നാണ് ബുധനാഴ്ചത്തെ പര്യടനം ആരംഭിച്ചത്. തുടർന്ന് വേളാപുരം, കീച്ചേരി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും, പാപ്പിനിശ്ശേരി വെസ്റ്റിലെ അറബിക് കോളേജ്, കാട്ടാമ്പള്ളി, കൊല്ലറത്തിക്കൽ പള്ളി എന്നിവിടങ്ങളിലും സ്ഥാനാർഥി നേരിട്ടെത്തി വോട്ട് ചോദിച്ചു. ഇതിന് പുറമെ കക്കാട്, പുഴാതി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് റോഡ് ഷോയും സംഘടിപ്പിച്ചു. അത്താഴക്കുന്നിൽ നിന്ന് ആരംഭിച്ച റോഡ് ഷോ കക്കാട് അരയാൽത്തറയിൽ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ പ്രാദേശിക നേതാക്കളും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. പാപ്പിനിശ്ശേരി ഹാജി റോഡിൽ എ. സുനിൽ കുമാർ, കെ.വി. രമേശൻ, വി.വി. പവിത്രൻ, സി. രാജൻ എന്നിവരും; വേളാപുരത്ത് കുത്തൂർ ഉത്തമൻ, പി.വി. അജിത, എം. ബാലകൃഷ്ണൻ, കെ. സുരേന്ദ്രൻ എന്നിവരും; കാട്ടാമ്പള്ളിയിൽ കെ.വി. സതീശൻ, പി. രാമചന്ദ്രൻ, എൻ. രതീഷ് എന്നിവരും പര്യടനത്തിൽ പങ്കെടുത്തു.
വ്യാഴാഴ്ചത്തെ പര്യടനം:
കെ.വി. സുമേഷിന്റെ വ്യാഴാഴ്ചത്തെ പൊതുപര്യടനം രാവിലെ 8.30-ന് പാപ്പിനിശ്ശേരി കരിക്കിൻകുളത്ത് വെച്ച് ആരംഭിക്കും. സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പര്യടനം ഉദ്ഘാടനം ചെയ്യും.







