കല്യാശ്ശേരിയിൽ ആവേശോജ്ജ്വല സ്വീകരണം; തൊഴിലിടങ്ങളിലും ക്യാമ്പസുകളിലും വോട്ടഭ്യർത്ഥിച്ച് എം. വിജിൻ

Screenshot
പഴയങ്ങാടി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം. വിജിന് ആവേശോജ്ജ്വല സ്വീകരണം. കല്യാശ്ശേരി ഈസ്റ്റ്, വെസ്റ്റ് ലോക്കലുകളിലെ വിവിധ തൊഴിൽശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മുതിർന്ന പാർട്ടി പ്രവർത്തകരുടെ വീടുകൾ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി വോട്ടർമാരെ നേരിൽ കണ്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സന്ദർശനം:
കല്യാശ്ശേരി ഈസ്റ്റ് ലോക്കലിലെ കല്യാശ്ശേരി വീവേഴ്സ് സൊസൈറ്റി, മാങ്ങാട് വനിതാ ഗാർമെന്റ്സ്, മാങ്ങാട് മൾട്ടിപർപ്പസ്, കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ ക്യാമ്പസ്, കല്യാശ്ശേരി ഇ.കെ. നായനാർ മോഡൽ പോളിടെക്നിക് എന്നിവിടങ്ങളിൽ സ്ഥാനാർഥിക്ക് ഊഷ്മള വരവേൽപ്പ് ലഭിച്ചു. കല്യാശ്ശേരി വെസ്റ്റ് ലോക്കലിലെ അഞ്ചാം പീടിക, പാളയത്ത് വളപ്പ്, കല്യാശ്ശേരി സെന്റർ, മനോജ് സ്ക്വയർ, ആംസ്റ്റെക് കോളേജ് എന്നിവിടങ്ങൾക്കും പുറമെ ഇരിണാവ് റോഡ്, കച്ചേരിത്തറ, കെ. കണ്ണപുരം, മാട്ടൂൽ തുടങ്ങിയ പ്രദേശങ്ങളിലും അദ്ദേഹം പര്യടനം നടത്തി വോട്ടഭ്യർത്ഥിച്ചു.
ആബാലവൃദ്ധം ജനങ്ങളാണ് സ്ഥാനാർഥിയെ കാണാനായി വിവിധ കേന്ദ്രങ്ങളിൽ എത്തിയിരുന്നത്. വോട്ടർമാരോട് കുശലം പറഞ്ഞും അവരുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞുമാണ് അദ്ദേഹം മുന്നോട്ട് നീങ്ങിയത്. സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമ പ്രവർത്തനങ്ങളും നാടിന്റെ വികസന പ്രവർത്തനങ്ങളും അനുഭവിച്ചറിഞ്ഞ ജനങ്ങൾ സ്ഥാനാർഥിക്ക് വലിയ പിന്തുണയാണ് നൽകുന്നതെന്ന് എൽ.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.







