കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു കരിങ്കൊടി പ്രതിഷേധം; മന്ത്രി വീണാ ജോർജിന് പരിക്ക്, യാത്ര റദ്ദാക്കി

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റു. മന്ത്രിയുടെ കഴുത്തിനും കൈയിലുമാണ് പരിക്കേറ്റത്. തുടർന്ന് വന്ദേഭാരത് ട്രെയിനിലെ യാത്ര റദ്ദാക്കിയ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. ടിക്കറ്റ് കൗണ്ടറിന് സമീപത്തുവെച്ചാണ് കെ.എസ്.യു പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. ഇതിനിടയിലുണ്ടായ തിക്കിലും തിരക്കിലുമാണ് മന്ത്രിക്ക് പരിക്കേറ്റതെന്നാണ് വിവരം. പടിയൂർ കല്ല്യാട്ട് ആയുർവേദ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ യുവജന സംഘടനകൾ മന്ത്രിക്ക് നേരെ വ്യാപക പ്രതിഷേധം നടത്തിയിരുന്നു.







