ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. യുവതിയുടെ പുതിയ വാദങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി അന്തിമ തീരുമാനമെടുക്കുക. ബിനോയ്ക്കെതിരെ യുവതി സമര്‍പ്പിച്ച തെളിവുകളും കോടതി പരിശോധിക്കും.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ജാമ്യാപക്ഷ പരിഗണിച്ചത്. എന്നാല്‍ ബിനോയിക്കെതിരായി യുവതി കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനു പുറമെ പ്രത്യേക അഭിഭാഷകനെ നിയമിക്കാന്‍ അനുവദിക്കണമെന്നും യുവതി ആവശ്യപ്പെടുകായിരുന്നു. മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് യുവതി വാദിച്ചിരുന്നു.

എന്നാല്‍ യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് വാദിച്ച ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ പരാതിക്കാരിക്ക് പുതിയ അഭിഭാഷകനെ വെക്കുന്നതിനേയും എതിര്‍ത്തു .ഇക്കാര്യത്തില്‍ കോടതിയില്‍ തര്‍ക്കം നടന്നതോടെയാണ് എല്ലാവരുടേയും വാദം കേള്‍ക്കുന്നതിന് സന്നദ്ധമാണെന്ന് അറിയിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി യുവതിയുടെ അഭിഭാഷകനോട് നിര്‍ദേശിച്ചത്. ദുബായിക്ക് പോകാനായി യുവതിക്കും കുട്ടിക്കും 2015 ഏപ്രില്‍ 1ന് ബിനോയ് അയച്ച വിസയും രേഖകളും യുവതി കോടതിയില്‍ നല്‍കും. അന്തിമ വിധി വരുന്നതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്നും മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു.

Advertisements

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

കണ്ണൂർ: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍. കൊല്ലം പുനലൂര്‍ സ്വദേശി റെജിയാണ് അറസ്റ്റിലായത്. കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഷെയര്‍ ഹോള്‍ഡറാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് റെജി തട്ടിപ്പ് നടത്തിയത്.

നിരവധി യുവാക്കളില്‍ നിന്നും ഇയാള്‍ മുപ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. പ്രതിയുടെ വാഗ്ദ്ധാനത്തില്‍പ്പെട്ട് പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്ന പെരുമ്ബാവൂര്‍ സ്വദേശി അനൂപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടത്തി വരികയായിരുന്നു.

റെജി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മനസിലാക്കിയ പോലീസ് ഇയാള്‍ രക്ഷപെടാതിരിക്കാന്‍ എല്ലാ വിമാനത്താവളത്തിലേയും എമിഗ്രേഷന്‍ വിഭാഗത്തിന് സന്ദേശം അയച്ചിരുന്നു. ഇതറിയാതെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ അഹമ്മാദാബാദ് വിമാനത്താവളത്തില്‍ വെച്ചാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി പെരുമ്ബാവൂര്‍ പോലീസിന് കൈമാറിയത്.

ടി.പി വധം: സിപിഎമ്മിനെതിരെ ആരോപണ ശരവുമായി കണ്ണൂര്‍ എം.പി കെ. സുധാകരന്‍

‘സിപിഎമ്മിനകത്ത് ഇന്നും ടിപിയുടെ കൊലപാതകത്തില്‍ അമര്‍ഷമുള്ള നിരവധി കുടുംബങ്ങളുണ്ട്; കൊലയ്ക്ക് പിന്നിലെ കിങ്‌മേക്കര്‍ പി. ജയരാജനാണെന്ന് ആ കുടുംബങ്ങള്‍ക്കറിയാം’; ടിപി വധവുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട് പോയിരുന്നെങ്കില്‍ കുടുങ്ങുന്നത് പിണറായിയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍; ശാസന ലഭിച്ചതിന് പിന്നാലെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ ഭാഗമാകാനില്ലെന്ന് പറഞ്ഞ് പേന വലിച്ചെറിഞ്ഞുവെന്നും ആരോപണം.

കണ്ണൂര്‍: കേരളത്തില്‍ ഏറ്റവുമധികം കോളിളക്കം സൃഷ്ടിച്ചയൊന്നായിരുന്നു ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്. രാഷ്ട്രീയ രംഗത്ത് പ്രത്യേകിച്ച്‌ സിപിഎമ്മിനുള്ളില്‍ ഏറെ വിവാദച്ചൂടയര്‍ത്തിയ ഒന്നായിരുന്നു ടി.പി വധം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാനത്ത് കനത്ത് തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്ന വേളയിലാണ് വധക്കേസ് ഉദ്ധരിച്ച്‌ സിപിഎമ്മിനെതിരെ ആരോപണ ശരവുമായി കണ്ണൂര്‍ എംപി കെ. സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്.
ടിപി വധത്തിന് പിന്നില്‍ സിപിഎം നേതാവ് പി. ജയരാജനാണെന്ന് വടകരയിലെ എല്ലാവര്‍ക്കും അറിയാമെന്നും ചന്ദ്ര ശേഖരന്റെ വധത്തില്‍ അമര്‍ഷമുള്ള ഒട്ടേറെ പേര്‍ സിപിഎമ്മിനകത്ത് ഇപ്പോഴുമുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

24 ന്യൂസ് ചാനലിന്റെ വാര്‍ത്താ വ്യക്തി എന്ന പരിപാടിക്കിടെയാണ് സിപിഎമ്മിനും ജയരാജനുമെതിരെ സുധാകരന്‍ ആഞ്ഞടിച്ചത്. സുധാകരന്റെ വാക്കുകളിങ്ങനെ: സിപിഎമ്മിനകത്ത് ഇന്നും ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ അമര്‍ഷമുള്ള നിരവധി കുടുംബങ്ങളുണ്ട്. കൊലപാതകത്തിന് പിന്നിലെ കിങ് മേക്കര്‍ ജയരാജനാണെന്ന് ആ കുടുംബങ്ങള്‍ക്കൊക്കെയറിയാം. അന്വേഷണം മുന്നോട്ട് പോയിരുന്നെങ്കില്‍ കുടുങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
24 ന്റെ വാര്‍ത്തവ്യക്തിയിലായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. കേസിന്റെ തെളിവൊക്കെ പാതിവഴിക്ക് നഷ്ടമായി. തുടങ്ങിയ പോലെ അന്വേഷണം മുന്നോട്ട് പോയിരുന്നുവെങ്കില്‍ പല പ്രമുഖ നേതാക്കളും കുടുങ്ങുമായിരുന്നു. യുഡിഎഫ് ഭരണകാലത്തെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിരുന്നു. അത് താന്‍ നേരത്തേ തന്നെ തുറന്നു പറഞ്ഞിരുന്നു. അന്വേഷണത്തില്‍ പല ഇടപെടലുകള്‍ നടന്നിട്ടുണ്ട്. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായി താന്‍ സംസാരിച്ചിട്ടുണ്ട്.
അതില്‍ ഒരു ഡിവൈഎസ്‌പിക്ക് കേസന്വേഷണം ഇവിടെവെച്ച്‌ നിര്‍ത്തണമെന്ന് ശാസന ലഭിച്ചിരുന്നു. ശാസിച്ചത് ആരാണെന്ന് അറിയില്ല. അന്ന് അദ്ദേഹം തന്റെ കൈയിലെ പേന വലിച്ചെറിഞ്ഞ് ഇനി കേരള സര്‍ക്കാരിന്റെ ഭാഗമായി ജോലി ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. അദ്ദേഹം നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്യൂട്ടേഷനില്‍ ജോലി നോക്കുകകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
രക്തത്തിന്റെ മണമുള്ള 2012 മാര്‍ച്ച്‌ നാല്
2012 മാര്‍ച്ച്‌ നാല്. രാത്രി പത്തുമണിക്കാണ് വടകരയ്ക്കടുത്ത് വള്ളിക്കോട് വച്ച്‌ അജ്ഞാത സംഘം ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്. ബൈക്കില്‍ സഞ്ചരിച്ച ചന്ദ്രശേഖരനെ കാറിടിച്ച്‌ വീഴ്‌ത്തിയ ശേഷം ബോബെറിഞ്ഞും 51 വെട്ട് വെട്ടിയും നിര്‍ജ്ജീവമാക്കി.പ്രത്യയശാസ്ത്ര വ്യതിയാനങ്ങളുടെ പേരില്‍ 2009 ല്‍ സിപിഎം വിട്ട ടിപിയെ ആശയങ്ങള്‍ കൊണ്ട് നേരിടാനായിരുന്നില്ല എതിരാളികള്‍ക്ക് ഇഷ്ടം. അവര്‍ അക്രമത്തിന്റെ പാതയാണ് സ്വീകരിച്ചത്.ഒഞ്ചിയം പഞ്ചായത്ത് സിപിഎമ്മില്‍ നിന്ന് ആര്‍എംപി പിടിച്ചെടുത്തതോടെ ടിപിയുടെ നാളുകള്‍ എണ്ണപ്പെട്ടു. ഗൂഢാലോചനയുടെ വേരുകള്‍ ആഴ്ന്നിറങ്ങി. എങ്ങനെയും ഈ മാര്‍ഗ്ഗം മുടക്കിയെ നീക്കം ചെയ്യാന്‍!
ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് വിമതപ്രവര്‍ത്തനം ആരംഭിക്കുന്നത്. വടകരയിലെ വിമതര്‍ ടിപിയുടെ നേതൃത്വത്തില്‍ സംഘടിക്കുകയും പാര്‍ട്ടി കരുതിയതിലും സ്വാധീനം മേഖലയില്‍ അവര്‍ക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടിപി പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറിയത്. 2009- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച ടിപി 23,000-ത്തോളം വോട്ടുകള്‍ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു.
മേഖലയില്‍ അടിക്കടിയുണ്ടായ ആര്‍എംപി-സിപിഎം സംഘര്‍ഷങ്ങള്‍ കൂടിയായതോടെ ചന്ദ്രശേഖരനോടും ആര്‍എംപിയോടുമുള്ള സിപിഎം വൈര്യം വര്‍ധിച്ചു. ഇത്തരമൊരു സംഘര്‍ഷത്തിനിടെ പാര്‍ട്ടി നേതാവ് പി.മോഹനന് മര്‍ദ്ദനമേറ്റതോടെ ടിപിയെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് എത്തി. ആ തീരുമാനം ക്വട്ടേഷന്‍ സംഘം നടപ്പാക്കുകയും ചെയ്തു. കേസിന്റെ ഗൗരവം മനസ്സിലാക്കിയ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.എഡിജിപി വിന്‍സന്റ്.എം. പോളായിരുന്നു കേസന്വേഷണത്തിന്റെ തലവന്‍.എഐജി അനൂപ് കുരുവിള ജോണ്‍, ക്രെംബ്രാഞ്ച് ഡിവൈഎസ്‌പി സന്തോഷ്.കെ.വി, തലശേരി ഡിവൈഎസ്‌പി ഷൗക്കത്തലി, വടകര ഡിവൈഎസ്‌പി, ജോസി ചെറിയാന്‍, കുറ്റ്യാടി സിഐ പി.വി. ബെന്നി എന്നിവരെ ഉ്രള്‍പ്പെടുത്തി അന്വേഷണസംഘം രൂപീകരിച്ചു.

കൊലയാളി സംഘത്തില്‍ ആദ്യം പിടികൂടിയത് അണ്ണന്‍ സുജിത്തിനെ. ഡിവൈഎസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം മൊസൂരില്‍ നിന്ന് സുജിത്തിനെ അറസ്റ്റ് ചെയ്തതിനെ പിന്നാലെ, ടി.കെ.രജീഷും പിടിയിലായി. ടി.കെ. രജീഷ് മുംബൈയില്‍ ഉണ്ടെന്നറിഞ്ഞ് പൊലീസ് സംഘം അവിടെയെത്തിയപ്പോള്‍ രജീഷ് അവിടെനിന്നും രക്ഷപ്പെട്ടിരുന്നു. വിവിധ പൊലീസ് സംഘാംഗങ്ങള്‍, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിലേക്കു പോയി. അവസാനം മഹരാഷ്ട്ര ഗോവ അതിര്‍ത്തിലെ ഒരു ഗ്രാമത്തിലെ ബേക്കറില്‍ നിന്നും പൊലീസ് സംഘം രജീഷിനെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി എം.സി. അനൂപ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റിലായി.
എന്നാല്‍, കൊടിസുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി എന്നീ പ്രതികളെ സാഹസികമായി മുടക്കോഴി മലയില്‍ നിന്ന് പിടികൂടിയത് പൊലീസിന്റെ തൊപ്പിയിലെ പൊന്‍തൂവലായി മാറി.ടി പി വധക്കേസ് പ്രതികളെ നിശ്ശബ്ദമായ ഓപ്പറേഷനിലൂടെ പിടികൂടിയതോടെയാണ് ഷൗക്കത്തലി എന്ന സമര്‍ത്ഥനായ പൊലീസ് ഉദ്യോഗസ്ഥനെ കേരളം മനസിലാക്കുന്നത്. അതോടെ ഷൗക്കത്തലി രാഷ്ട്രീയക്കാരുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ ശത്രുവാകുകയും ചെയ്തു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരിക്കാനാണ് കേരള പൊലീസിലെ സീനിയര്‍ ഡിവൈഎസ്‌പിയായിരിക്കെ എന്‍ഐഎയില്‍ അഡീഷണല്‍ സൂപ്രണ്ടായി ചേക്കേറിയത്. പിന്നീട് സംസ്ഥാന പൊലീസ് എസ്‌പിയായി പ്രമോഷന്‍ നല്‍കിയതോടെ എന്‍ഐഎയിലും എസ്‌പിയായി.
കനകമലയിലെ ഐഎസ് ബന്ധം വെളിച്ചത്തുകൊണ്ടുവന്നതും അറസ്റ്റിലേക്ക് നയിച്ചതും ഷൗക്കത്തലിയുടെ എന്‍ഐഎയിലെ സുപ്രധാന നേട്ടമായി എണ്ണാം. 1995ലെ എസ്‌ഐ ബാച്ചില്‍ ഒന്നാം റാങ്കുകാരനായിരുന്നു ഷൗക്കത്തലി. ടി പി വധക്കേസ് അന്വേഷണത്തിന് ശേഷമാണ് ഇദ്ദേഹം എന്‍ഐഎയില്‍ എത്തിയത്. 2012 ജൂലൈ 14നാണ് മുടക്കോഴി മലയില്‍ വച്ച്‌ ടിപി വധക്കേസിലെ കൊലയാളി സംഘത്തെ ഇദ്ദേഹം കുരുക്കിയത്. കൊടി സുനിയെയും സംഘത്തെയും മലയില്‍ വച്ച്‌ അതിസാഹസികമായാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്.

കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ച ലംബു പ്രദീപിനെ കുടുക്കിയത്, ടി കെ രജീഷിനെ തേടി മുംബൈയിലേക്ക് യാത്ര ചെയ്തത്, പി മോഹനനെ അറസ്റ്റ് ചെയ്തത് എല്ലാം ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. ഇതില്‍ പി മോഹനന്റെ അറസ്റ്റ് രാഷ്ട്രീയ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. മോഹനനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ സിപിഎം നേതാവ് എംവി ജയരാജന്‍ ഷൗക്കത്തലിയെ ഓഫീസിലെത്തി അസഭ്യം പറഞ്ഞതെല്ലാം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു

എസ്‌എസ്‌എല്‍സി ഫലം മെയ് ആദ്യവാരത്തിൽ

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് ആദ്യവാരത്തില്‍ പ്രസിദ്ധീകരിക്കും. മെയ് ഏഴോ എട്ടോ തിയതിയില്‍ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത. മൂല്യനിര്‍ണയം തീര്‍ന്ന ശേഷം ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കും. അതേസമയം എസ്‌എസ്‌എല്‍സി പരീക്ഷ ഫലം പുറത്തു വരുന്നതിന്റെ അടുത്ത ദിവസം തന്നെ പ്ലസ് ടു ഫലവും പ്രസിദ്ധീകരിക്കും.
എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ നടത്തിപ്പിലെന്ന പോലെ കുറ്റമറ്റ രീതിയില്‍ പരീക്ഷാ ഫലം തയ്യാറാക്കാനുള്ള നടപടികളും പരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷാ ഫലം സ്‌കൂള്‍ തുറക്കുന്നതിന് മുമ്ബ് തന്നെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

4,35,142 കുട്ടികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്. സ്വകാര്യ രജിസ്ട്രേഷന്‍ നടത്തി 1867 കുട്ടികളും പരീക്ഷയെഴുതി.

കേരളത്തില്‍ റെക്കോര്‍ഡ് പോളിംഗ്, 77.67 ശതമാനം; ആറിടത്ത് 80 ശതമാനം കടന്നു; മുന്നില്‍ കണ്ണൂര്‍; പ്രതീക്ഷയോടെ മുന്നണികള്‍

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റെക്കോര്‍ഡ് പോളിംഗ്. 77.67 ശതമാനമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളിംഗ. 74.02 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പോളിംഗ്.
തിരുവനന്തപുരം 73.26, ആറ്റിങ്ങല്‍ 74.04,കൊല്ലം 74.23,പത്തനംതിട്ട 73.82, മാവേലിക്കര 73.93,ആലപ്പുഴ 79.59, കോട്ടയം 75.22, ഇടുക്കി 76.10,
എറണാകുളം 76.01, ചാലക്കുടി 79.64,തൃശ്ശൂര്‍ 77.19, ആലത്തൂര്‍ 79.46, പാലക്കാട് 77.23, പൊന്നാനി 73.24, മലപ്പുറം 75.12, കോഴിക്കോട് 78.29,
വയനാട് 79.77, വടകര 78.97, കണ്ണൂര്‍ 82.08,കാസര്‍കോട് 79.11 എന്നിങ്ങനെയാണ് പോളിംഗ്
രാവിലെ ഏഴുമണിമുതല്‍ പോളിങ് ബൂത്തുകളില്‍ തുടങ്ങിയ തിരക്ക് പലേടത്തും രാത്രി വൈകിയും അനുഭവപ്പെട്ടു.

വോട്ടിങ് പൂര്‍ത്തിയാകാന്‍ വൈകിയതിനാല്‍ അന്തിമ കണക്കുകള്‍ വരുംദിവസങ്ങളിലേ കൃത്യമായി അറിയാനാകൂ.ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലങ്ങളില്‍ ഇക്കുറി പോളിങ് ശതമാനം ഗണ്യമായി കൂടി. തിരുവനന്തപുരത്ത് 2014ലെ 68.69ല്‍നിന്ന് ഇത്തവണ 73.37 ശതമാനമായി. പത്തനംതിട്ടയില്‍ 66.02ല്‍നിന്ന് 74.04 ആയും തൃശ്ശൂരില്‍ 72.17ല്‍നിന്ന് 77.49 ആയും ഉയര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ 73.29ല്‍ നിന്ന് 80.01 ശതമാനമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്.
കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. കണ്ണൂരിലും വയനാട്ടിലും മാത്രമാണ് 80 കടന്നത്. കണ്ണൂരാണ് മുന്നില്‍. പിന്നില്‍. തിരുവനന്തപുരവും.അടിയന്തരാവസ്ഥയ്ക്കുശേഷം 1977ലും 1989ലും പോളിങ് 79 ശതമാനം കടന്നിരുന്നു. ഈ വര്‍ഷങ്ങളിലാണ് സംസ്ഥാന ചരിത്രത്തില്‍ മികച്ച പോളിങ് നടന്നത്.
പോളിങ് ശതമാനം ഉയര്‍ന്നത് പ്രത്യാശ നല്‍കുന്നെന്ന് മൂന്നു മുന്നണികളും അവകാശപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയപരാജയങ്ങളെക്കുറിച്ചുള്ള പുതിയ കണക്കുകൂട്ടലുകള്‍ക്ക് അവര്‍ തുടക്കംകുറിച്ചു.
ഉയര്‍ന്ന പോളിങ് ശതമാനം കേരളത്തില്‍ ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കാന്‍ ഇടയാക്കുമെന്ന് എന്‍.ഡി.എ. അവകാശപ്പെടുന്നു. ഇടതുതരംഗമാണ് മാത്സര്യബുദ്ധിയോടെ ജനങ്ങള്‍ വോട്ടുചെയ്തതിന് പിന്നിലെന്ന് എല്‍.ഡി.എഫും രാഹുല്‍ തരംഗമാണ് കേരളത്തില്‍ അലയടിച്ചതെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു.
പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചില്‍ ജയപരാജയങ്ങളെ ഏകപക്ഷീയമായി സ്വാധീനിക്കില്ലെന്നാണ് കഴിഞ്ഞകാല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന. സമീപകാല ചരിത്രമെടുത്താല്‍ 1999 മുതല്‍ പോളിങ് ശതമാനം ക്രമാനുഗതമായി ഉയരുന്നുണ്ട്. ഈ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും മേല്‍ക്കൈ നേടാനുമായിട്ടുണ്ട്.
1999ല്‍ 70 ശതമാനം പോളിങ് നടന്നപ്പോള്‍ യു.ഡി.എഫിന് 11ഉം എല്‍.ഡി.എഫിന് ഒമ്ബതും സീറ്റാണ് ലഭിച്ചത്. 2004ല്‍ പോളിങ് ശതമാനം 71.45 ആയിരുന്നു. എല്‍.ഡി.എഫിന് 18ഉം യു.ഡി.എഫിനും എന്‍.ഡി.എ.ക്കും ഓരോ സീറ്റും കിട്ടി. 2009ല്‍ 73.37 ശതമാനമായപ്പോള്‍ യു.ഡി.എഫിന് 16ഉം എല്‍.ഡി.എഫിന് നാലും സീറ്റായി. 2014ല്‍ പോളിങ് ശതമാനം 74.02 ആയപ്പോള്‍ യു.ഡി.എഫ്. 12ഉം എല്‍.ഡി.എഫ്. എട്ടും സീറ്റ് നേടി. മേയ് 23നാണ് വോട്ടെണ്ണല്‍. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍കൂടി എണ്ണേണ്ടതിനാല്‍ ഇത്തവണ ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ടുമണിക്കൂറോളം വൈകും.

വോട്ടിംഗില്‍ ക്രമക്കേടുണ്ടെങ്കില്‍ വോട്ടര്‍ തന്നെ തെളിയിക്കണം, ഇല്ലെങ്കില്‍ പൊലീസില്‍ ഏല്‍പ്പിക്കും: തിരുവനന്തപുരത്ത് ഒരാള്‍ക്കെതിരെ നിയമ നടപടി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിക്കുന്ന വോട്ടര്‍ ഇക്കാര്യം തെളിയിക്കണമെന്നും പരാതി തെറ്റാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍. പരാതി തെറ്റെന്ന് തെളിഞ്ഞാല്‍ വോട്ടറെ പൊലീസില്‍ ഏല്‍പ്പിക്കുമെന്നും കമ്മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 117ആം വകുപ്പ് അനുസരിച്ചാണ് കേസെടുക്കുന്നത്. സമാന സംഭവത്തില്‍ തിരുവനന്തപുരത്ത് ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ആം ബൂത്തിലെ എബിന്‍ എന്ന വോട്ടര്‍ക്കെതിരായാണ് കേസെടുത്തത്. താന്‍ വോട്ട് ചെയ്‌ത സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് തെളിഞ്ഞതെന്ന് ഇയാള്‍ ആരോപിച്ചിരുന്നു.

തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പോളിംഗ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ ടെസ്‌റ്റ് വോട്ട് നടത്തിയിരുന്നു. എന്നാല്‍ ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്.
അതേസമയം, സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. രാവിലെ വോട്ടിംഗ് തുടങ്ങിയപ്പോള്‍ തന്നെ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടുണ്ടെന്ന് ആരോപണമുയര്‍ന്നെങ്കിലും ഇതെല്ലാം സാങ്കേതിക തകരാര്‍ മാത്രമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിക്കുന്നത്. ഒരു സ്ഥാനാര്‍ത്ഥിക്ക് കുത്തുമ്ബോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുമെന്നത് അസാധ്യമാണെന്നും ഇക്കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്നും കമ്മിഷന്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ പിന്നീടും പരാതികള്‍ തുടര്‍ന്നതോടെയാണ് പരാതി ഉന്നയിക്കുന്നവര്‍ തന്നെ ഇക്കാര്യം തെളിയിക്കണമെന്ന് വ്യക്തമാക്കിയത്. വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരായ പരാതികള്‍ ഇതിലൂടെ തടയാമെന്നാണ് കമ്മിഷന്‍ കരുതുന്നത്. എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന സത്യസന്ധമായ പരാതികള്‍ പോലും ഇനി ഉന്നയിക്കാന്‍ വോട്ടര്‍മാര്‍ മടിക്കുമെന്ന ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്.

കൊട്ടിയൂർ വൈശാഖ മഹോത്സവം: ഇളനീർ സംഘങ്ങൾ വ്രതമാരംഭിച്ചു

ദക്ഷിണ കാശിയായ കൊട്ടിയൂർ‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള ഇളനീരാട്ടത്തിനായുള്ള ഇളനീർ‍ സംഘങ്ങൾ വൃതം ആരംഭിച്ചു . വിഷുനാളില്‍ അരംഭിക്കുന്ന വൃതാനുഷ്ടാനം ഇളനീരാട്ടം നടക്കുന്ന 45 ദിവസം വരെ നീളും ഇളനീരാട്ടത്തിനു വേണ്ട ഇളനീരുകൾ മലബാറിലെ തിയ്യസമുദായക്കാരാണ് എത്തിക്കുന്നത് . നെയ്യാട്ടം നടക്കുന്ന ദിവസം അതാത് ദേശത്തെ ക്ഷേത്ര ഇളനീർ മഠത്തിൽ ‍ കുളിച്ച് ഈറനണിഞ്ഞ് എത്തുന്നതു മുതല്‍ കഠിന വൃതമാരംഭിക്കുകയാണ്.ഒരു നേരത്തോടെ ആരംഭിക്കുന്ന കഠിനവൃതം ഇളനീര്‍ ആട്ടത്തോടെയാണ് പൂര്‍ത്തിയാകുക. നെയ്യാട്ട ദിനം മുതല്‍ ഒന്നിച്ച് ഇളനീർ മഠത്തിൽ ഇളനീര്‍ സംഘങ്ങള്‍ താമസിക്കുക. മൂപ്പന്റെ നേതൃത്വത്തില്‍ താമസിക്കുന്ന വൃതക്കാര്‍ക്ക് ജീവിത രീതി തന്നെ ചിട്ടവട്ടങ്ങള്‍ നിറഞ്ഞതാണ്. പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന വൃതക്കാര്‍ കുളിച്ച് ഈറനണിഞ്ഞ്് ശുദ്ധി വരുത്തിയാണ് പ്രഭാത ഭക്ഷണം തയാറാക്കുന്നത്. എല്ലാ വരും ഒരുമിച്ച് ഇരുന്ന് പാളയില്‍ പ്ലാവില കോട്ടിയുണ്ടാക്കിയ കോരി ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത്.തുടര്‍ന്ന് കാരണവര്‍ എല്ലാവര്‍ക്കും വായില്‍ കൊള്ളാന്‍ വെള്ളം നല്കി ഒരുമിച്ച് എണീറ്റ് കിഴക്ക് ദര്‍ശനമായി നിന്ന് ഓംകാര ശബ്ദത്തോടെ ചിനക്കും. തുടന്ന് വെറ്റിലമുറക്കാന്‍ മൂപ്പന്‍ നല്കിയാണ് ചടങ്ങുകള്‍ അവ സാനിപ്പിക്കുന്നത്. മൂന്നു നേരം മാത്രമാണ് ഭക്ഷണം സ്വയം പാചകം ചെയ്തു കഴിക്കുക. ഒരോ പ്രാവശ്യവും ഭക്ഷണത്തിന് മുന്‍പ് കുളിച്ച് ശുദ്ധി വരുത്തണം. നൂറ്റാണ്ടു മുന്‍പുള്ള ആചാരങ്ങള്‍ അണുവിട തെറ്റിക്കാതെയാണ് അനുഷ്ഠിക്കുന്നത്.

ഇന്ത്യയില്‍ ടിക് ടോക്കിന് നിരോധനം; പ്ലേ സ്റ്റോറില്‍ നിന്നും പിന്‍വലിച്ചു

ന്യൂഡല്‍ഹി: വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പിന്‍വലിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ചൈനീസ് ആപ്പിന്റെ ഡൗണ്‍ലോഡ് തടഞ്ഞുകൊണ്ടുള്ള ഗൂഗിളിന്റെ നടപടി.

മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് ഉടന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യട്ടിരുന്നു. രാത്രിയോടെയാണ് പ്ലേ സ്റ്റോറില്‍ നിന്നും ടിക് ടോക് അപ്രത്യക്ഷമായത്.

തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആണ് കേസില്‍ പെട്ടെന്ന് സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ചത്. കേസ് ഏപ്രില്‍ 22ലേക്ക് മാറ്റി. അതേ സമയം കേസില്‍ ഇടക്കാലവിധി പുറപ്പെടുവിച്ച ടിക് ടോക് നിരോധിക്കണം എന്ന ഹര്‍ജി മധുര ഹൈക്കോടതി ബെഞ്ച് വീണ്ടും പരിഗണിക്കും.

മദ്രാസ് ഹൈക്കോടതി വിധിപ്രകാരം വിധി വന്നതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ആപ്പ് ഡൗണ്‍ലോ‍ഡ് ചെയ്യാന്‍ സാധിക്കുന്ന വഴികള്‍ അടയ്ക്കണം. എന്നാല്‍ ആപ്പ് ഉടമകള്‍ കോടതിയെ സമീപിച്ചതാണ് ഇത് വൈകാന്‍ കാരണം.

കഴിഞ്ഞ ആഴ്ചയാണ് ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ടിക് ടോക്ക് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണ് എന്നാണ് മദ്രാസ് ഹൈക്കോടതി ഇതിന് കാരണമായി പറയുന്നത്. ടിക് ടോക്ക് വീഡിയോകള്‍ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്നും ഈ ഉത്തരവില്‍ പറയുന്നു. ഉപയോക്താവിന് ചെറിയ വീഡിയോകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍ 54 ദശലക്ഷം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.

മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ടിക് ടോക്കിനെതിരായ ഒരു ഹര്‍ജിയില്‍ ഉത്തരവിറക്കിയത്. ടിക് ടോക്ക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി ഒരുക്കുന്നു എന്നാണ് സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ മുത്തുകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. പോണോഗ്രാഫി, സാംസ്കാരിക തകര്‍ച്ച, ശിശു പീഢനം, ആത്മഹത്യ തുടങ്ങിയവയ്ക്ക് ടിക് ടോക്ക് കാരണമാകുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു.

എ.ബി.വി.പി പ്രവർത്തകൻ ശ്യാമപ്രസാദ് വധം: പത്താം പ്രതി കീഴടങ്ങി

പേരാവൂർ : എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി കോടതിയിൽ കീഴടങ്ങി. പത്താം പ്രതി മുഴക്കുന്ന് അയ്യപ്പൻകാവിലെ ചെമ്പോത്ത് വീട്ടിൽ സഫീർ (27) ആണ് കീഴടങ്ങിയത്. ഇയ്യാളെ പൊലീസ് കസ്റ്റഡിയിൽ ഏറ്റുവാങ്ങി ചോദ്യം ചെയ്തു. ഗൂഡാലോചന കേസിൽ പ്രതിയായ സഫീർ സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഒരാളെ കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇപ്പോൾ പ്രതികളുടെ എണ്ണം 14 ആയി. കണ്ണവം സ്വദേശി മൻഷൂദിനെയാണ് പുതിയതായി പ്രതി ചേർത്തിട്ടുള്ളത്. കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണ്. പേരാവൂർ സി ഐ ദിനേശൻ കോറോത്ത്, എഎസ്ഐ ഇ.കെ. രമേഷ്, കെ.വി. ശിവദാസൻ എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

തലശ്ശേരി ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി പി.ടി.ടോമിക്ക് ജീവപര്യന്തം തടവും പിഴയും

തലശ്ശേരി – ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു. ആറളം അയ്യൻകുന്നിലെ ഓട്ടോ ഡ്രൈവർ ചക്കും തൊടി വീട്ടിൽ പി.കെ.രാമചന്ദ്രനെ (46) സൂത്രത്തിൽ വിളിച്ചു കൊണ്ടുപോയി ചെളിവെള്ളത്തിൽ തല മുക്കിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും കാട്ട് കല്ല് കൊണ്ട് തലക്കടിച്ച് മരണം ഉറപ്പാക്കുകയും ചെയ്തുവെന്ന കേസിൽ രാമചന്ദ്രന്റെ ഉറ്റ സുഹൃത്തായിരുന്ന ആറളം മാങ്ങോട്ടെ പണ്ടാര പറമ്പിൽ തോമസിന്റെ മകൻ പി.ടി.ടോമിക്ക് (50) ജീവപര്യന്ത
വും പുറമെ 7 വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ’ – പ്രതി പിഴയടച്ചാൽ തുകയിൽ നിന്ന് 50,000 രൂപ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വിധവയ്ക്ക്
നൽകണം. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണമെന്ന് തലശ്ശേരി മൂന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് വി.എസ്.വിദ്യാധരൻ വിധിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി ടോമി കുറ്റം ചെയ്തതായി ഇക്കഴിഞ്ഞ ശനിയാഴ്ച കോടതി വിധിച്ചിരുന്നു. ടോമിയുടെ ഭാര്യയുമായി രാമചന്ദ്രന് അവിഹിത ബന്ധമുണ്ടെന്നുള്ള സംശയവും തന്നെ അപായപ്പെടുത്താൻ നേരത്തെ ടോമി തോക്കിന്റെ പാത്തി കൊണ്ട് അടിച്ചു തായി രാമചന്ദ്രൻ നാട്ടിൽ പറഞ്ഞു പരത്തിയെന്നതിന്റെ വൈരാഗ്യവുമാണ് കൊല നടത്താൻ പ്രേരണയായതെന്നാണ് പ്രോസിക്യൂഷൻ തെളിയിച്ചത്.2011 സപ്ത ബർ 15ന് രാത്രി 8 നും 16 ന് രാത്രി 7നും ഇടയിലായിരുന്നു സംഭവം. പിറ്റേന്നാൾ റോഡിൽ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.എസ്റ്റേറ്റിലെ
ടാപ്പിംഗ് തൊഴിലാളി ആറളം പുതിയങ്ങാട്ടെ തിയ്യാർ വീട്ടിൽ റസാഖിന്റെ പരാതിയിലാണ് കേസെടുത്തിരുന്നത്. ഇപ്പോൾ കോഴിക്കോട് സിറ്റി അസിസ്റ്റൻറ് കമ്മീഷണറായ അന്നത്തെ ഇരിട്ടി സി.ഐ.കെ.സുദർശനാണ് ആദ്യ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. ആറളം എസ്.കെ.എസ് സ്റ്റേറ്റ് മൺ റോഡിനടുത്ത പരിപ്പിൻ തോട്ടിലെ ചെളിവെളളത്തിൽ കൊലപ്പെടുത്തിയ ശേഷം രാമചന്ദ്രന്റെ കഴുത്തിലുണ്ടായ 15 ഗ്രാം തൂക്കമുള്ള മാലയും പ്രതി ടോമി പൊട്ടിച്ചെടുത്തിരുന്നു. കൊലപാതകത്തിന് ജിവപര്യന്തവും 50,000 രൂപ പിഴയും കവർച്ചക്ക് 7 വർഷം തടവും 10,000 പിഴയുമാണ് ശിക്ഷ.ഇപ്പോൾ വളപട്ടണത്ത് സി.ഐ.യായ അന്നത്തെ ഇരിട്ടി സി.ഐ.വി.വി. മനോജാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.